/kalakaumudi/media/media_files/2025/11/08/gaba-2025-11-08-16-36-03.jpg)
ഗാബ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര റാഞ്ചാന്‍ ഉറച്ച് ഗാബയില്‍ ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇല്ല. ഇത് തുടരെ മൂന്നാമത്തെ മത്സരത്തില്‍ ആണ് സഞ്ജുവിനെ ഇന്ത്യ ബെഞ്ചില്‍ ഇരുത്തുന്നത്. ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ റിങ്കു സിങ്ങിനും പ്ലേയിങ് ഇലവനിലേക്ക് വിളിയെത്തി.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങളില്‍ സഞ്ജുവിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇറക്കിയത്. ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെ സഞ്ജുവിന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. രണ്ടാമത്തെ മത്സരത്തില്‍ സഞ്ജുവിനെ ടീം മാനേജ്‌മെന്റ് മൂന്നാമത് ബാറ്റിങ്ങിന് അയച്ചു. എന്നാല്‍ നാല് പന്തില്‍ നിന്ന് രണ്ട് റണ്‍സ് മാത്രം എടുത്ത് സഞ്ജു മടങ്ങി. ഇവിടെ അഭിഷേക് ശര്‍മയും ഹര്‍ഷിത് റാണയും ഒഴികെയുള്ള മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കൊന്നും സ്‌കോര്‍ രണ്ടക്കം കടത്താനായില്ല എന്നതും ഓര്‍ക്കണം.
ഇന്ത്യ ജയം പിടിച്ച മൂന്നാം ട്വന്റി20യില്‍ സഞ്ജുവിന് പകരം ജിതേഷിന് ഇന്ത്യ അവസരം നല്‍കി. ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി 13 പന്തില്‍ നിന്ന് ജിതേഷ് മൂന്ന് ബൗണ്ടറിയോടെ 22 റണ്‍സ് എടുത്തു. ലോവര്‍ ഓര്‍ഡറില്‍ തനിക്ക് മികച്ച സ്‌ട്രൈക്ക്‌റേറ്റില്‍ കളിക്കാനാവും എന്ന സൂചന നല്‍കുകയാണ് ജിതേഷ് ഇവിടെ ചെയ്തത്. എന്നാല്‍ നാലാമത്തെ ട്വന്റി20യില്‍ മൂന്ന് റണ്‍സ് മാത്രമാണ് ആറാമനായി ഇറങ്ങിയ ജിതേഷ് കണ്ടെത്തിയത്.
അവസാന ട്വന്റി20യില്‍ ശുഭ്മാന്‍ ഗില്ലിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി സഞ്ജു-അഭിഷേക് ഓപ്പണിങ് കൂട്ടുകെട്ട് കൊണ്ടുവരാന്‍ പരിശീലകന്‍ ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ധൈര്യം കാണിക്കണം എന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമായിരുന്നു. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റന്‍സി ഗില്ലിന്റെ കൈകളിലേക്ക് നല്‍കാന്‍ സെലക്ടര്‍മാര്‍ ലക്ഷ്യം വയ്ക്കുമ്പോള്‍ ഗില്ലിന് ഇനിയും അവസരം ലഭിക്കും എന്നുറപ്പ്.
അടുത്ത ട്വന്റി20 ലോകകപ്പിന് മുന്‍പ് ഇനി ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലന്‍ഡിനും എതിരെ ഇന്ത്യ ട്വന്റി20 പരമ്പര കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര അടുത്ത ആഴ്ച ആരംഭിക്കുമ്പോള്‍ സഞ്ജുവിനെ വീണ്ടും തഴയുമോ എന്നറിയണം. അങ്ങനെ വന്നാല്‍ ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് സഞ്ജുവിന് എത്താനുള്ള സാധ്യതകളും മങ്ങും.
എത്ര വട്ടം പൂജ്യത്തിന് പുറത്തായാലും വീണ്ടും അവസരം നല്‍കും എന്ന് പറഞ്ഞ് ഗംഭീര്‍ ആത്മവിശ്വാസം നല്‍കിയിരുന്നതായി സഞ്ജു വെളിപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ ട്വന്റി20 ലോകകപ്പ് കഴിഞ്ഞുള്ള ഏഴ് മത്സരങ്ങളിലും പ്ലേയിങ് ഇലവനില്‍ ഉണ്ടാവും എന്ന് സൂര്യയും സഞ്ജുവിന് ഉറപ്പ് നല്‍കിയിരുന്നു. ഇതാണ് തുടരെ മൂന്ന് ട്വന്റി20 സെഞ്ചുറിയിലേക്ക് എത്താന്‍ സഞ്ജുവിന് ആത്മവിശ്വാസം നല്‍കിയത്. എന്നാല്‍ ഗംഭീറിന്റേയും സൂര്യയുടേയും പിന്തുണ സഞ്ജുവിന് ലഭിക്കുന്നില്ലെന്ന് വ്യക്തം. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണ് താനെന്ന് പറയുമ്പോഴും തന്റെ റോള്‍ എന്തെന്ന് വ്യക്തമല്ലാതെ നില്‍ക്കുകയാണ് സഞ്ജു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
