ഈഡനില്‍ റണ്‍വേട്ട; വിമര്‍ശകരുടെ വായടപ്പിച്ച് ക്ലാസിക് ഇന്നിങ്സ്, ഇന്ത്യ സെമിയില്‍

ടി20 ലോകകപ്പിലെ സഞ്ജുവിന്റെ ആദ്യ അര്‍ധ ശതകമാണ് ഇത്. ഇന്ത്യയുടെ പത്താം ഓവറില്‍ പന്ത് കവര്‍ പോയിന്റിലൂടെ ബൗണ്ടറി കടത്തിയാണ് സഞ്ജു അര്‍ധ ശതകം പിന്നിട്ടത

author-image
Biju
New Update
sanju 5

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ജീവന്മരണ പോരാട്ടത്തില്‍ അര്‍ധ ശതകത്തോടെ തിളങ്ങി സഞ്ജു സാംസണ്‍. അഭിഷേക് ശര്‍മയുടേയും ഇഷാന്‍ കിഷന്റേയും വിക്കറ്റ് തുടക്കത്തിലേ നഷ്ടമായെങ്കിലും സഞ്ജു നിശ്ചയദാര്‍ഡ്യത്തോടെ ക്രീസില്‍ തുടര്‍ന്നു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍മാരുടെ കുടുതല്‍ ടേണ്‍ കണ്ടെത്തിയ ബോളുകളെയെല്ലാം അതിജീവിച്ച് ക്ലാസിക് ഇന്നിങ്‌സ് ആണ് സഞ്ജുവില്‍ നിന്ന് ഈഡന്‍ ഗാര്‍ഡനില്‍ വന്നത്. 

ടി20 ലോകകപ്പിലെ സഞ്ജുവിന്റെ ആദ്യ അര്‍ധ ശതകമാണ് ഇത്. ഇന്ത്യയുടെ പത്താം ഓവറില്‍ പന്ത് കവര്‍ പോയിന്റിലൂടെ ബൗണ്ടറി കടത്തിയാണ് സഞ്ജു അര്‍ധ ശതകം പിന്നിട്ടത്. 28 പന്തില്‍ നിന്ന് അര്‍ധ ശതകം പിന്നിടുമ്പോള്‍ ആറ് ഫോറും മൂന്ന് സിക്‌സും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പറന്നിരുന്നു. 

ഇന്നലത്തെ മത്സരത്തില്‍ സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ സിംബാബ് വെക്കെതിരെ മികച്ച തുടക്കം കണ്ടെത്തിയ സഞ്ജുവിനെ ക്യാപ്റ്റനും കോച്ചും വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലും അഭിഷേകിനൊപ്പം ഓപ്പണിങ്ങിന് ഇറക്കി. സഞ്ജു ഇവിടെ അവസരം മുതലാക്കുകയും ചെയ്തു. 

അഭിഷേക് ശര്‍മ-ഇഷാന്‍ കിഷന്‍ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ആലോചിക്കുന്നില്ലെന്നായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ സൂപ്പര്‍ 8ലെ ആദ്യ മത്സരം ആരംഭിക്കുന്നതിന് മുന്‍പുള്ള മറുപടി. ഇഷാന്‍ കിഷനെ മാറ്റിയും അഭിഷേകിനെ മാറ്റിയും സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരില്ലെന്ന് സൂര്യ പറഞ്ഞത് പരിഹാസ രൂപേണയാണെന്ന് വിലയിരുത്തല്‍ ഉയര്‍ന്നിരുന്നു. 

എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ തോല്‍വിയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചത്. ഇതോടെ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ അഴിച്ചുപണി നടത്തുക എന്നത് ടീം മാനേജ്‌മെന്റിന് അനിവാര്യമായി. അങ്ങനെ രണ്ടാമത്തെ സൂപ്പര്‍ 8 മത്സരത്തില്‍ സഞ്ജു ഓപ്പണറാവുകയും ഇഷാന്‍ വണ്‍ഡൗണാവുകയും ചെയ്തു. 

ഈയൊരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നതെന്ന് പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്വീകരിച്ച ശേഷം സഞ്ജു പറഞ്ഞു. തന്റെ കഴിവില്‍ ഇടയ്ക്കു തനിക്കു തന്നെ സംശയം തോന്നിയിരുന്നു. എങ്കിലും ആത്സമവിശ്വാസത്തോടെ മുന്നോട്ടു പോയി. വളരെയധികം സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ''ഇത് എനിക്ക് ലോകത്തോളം വലുതാണ്. സത്യത്തില്‍, ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ അന്ന് മുതല്‍, രാജ്യത്തിന് വേണ്ടി കളിക്കണമെന്ന് സ്വപ്നം കണ്ട അന്ന് മുതല്‍, ഈ ഒരു ദിവസത്തിന് വേണ്ടിയായിരുന്നു ഞാന്‍ കാത്തിരുന്നത്. ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്. ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ സവിശേഷമായ ഒരു യാത്രയായിരുന്നു എന്റേത്. പലപ്പോഴും ഞാന്‍ എന്നെത്തന്നെ സംശയിച്ചിട്ടുണ്ട്; എനിക്കിതിന് കഴിയുമോ, എനിക്ക് മുന്നേറാന്‍ സാധിക്കുമോ എന്നൊക്കെ ഞാന്‍ ചിന്തിക്കുമായിരുന്നു. എങ്കിലും ഞാന്‍ എന്നില്‍ വിശ്വസിച്ചു. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് സര്‍വ്വശക്തനായ ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു. ഞാന്‍ വളരെയധികം സന്തോഷവാനാണ്.'' സഞ്ജു പറഞ്ഞു.

വിരാട് കോലി, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ളവരില്‍നിന്നുള്ള പാഠമാണ് ഈ ഇന്നിങ്‌സിനു സഹായകമായതെന്നും സഞ്ജു പറഞ്ഞു. ''കഴിഞ്ഞ 10-12 വര്‍ഷമായി ഞാന്‍ ഐപിഎല്‍ കളിക്കുന്നു, കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യന്‍ ടീമിലുമുണ്ട്. ഞാന്‍ എല്ലാ മത്സരങ്ങളും കളിച്ചിട്ടുണ്ടാകില്ല, പക്ഷേ ഡഗൗട്ടിലിരുന്ന് വിരാട് കോലിയെയും രോഹിത് ശര്‍മയെയും പോലുള്ള മഹാരഥന്മാരില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അവര്‍ എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കുകയും അതില്‍ നിന്ന് പഠിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ആ അനുഭവം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാന്‍ ഒരുപക്ഷേ 50-60 മത്സരങ്ങളേ കളിച്ചിട്ടുണ്ടാകൂ, പക്ഷേ നൂറിലധികം മത്സരങ്ങള്‍ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. മികച്ച താരങ്ങള്‍ എങ്ങനെയാണ് മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നതെന്നും സാഹചര്യത്തിനനുസരിച്ച് എങ്ങനെയാണ് കളി മാറ്റുന്നതെന്നും ഞാന്‍ കണ്ടു പഠിച്ചു.

കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു, വലിയൊരു സ്‌കോര്‍ ഉയര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ട് തന്നെ ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ മത്സരം തികച്ചും വ്യത്യസ്തമായിരുന്നു. ഞാന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴെല്ലാം വിക്കറ്റുകള്‍ വീഴുന്നുണ്ടായിരുന്നു. അതിനാല്‍ ഒരു പാര്‍ട്ണര്‍ഷിപ് കെട്ടിപ്പടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. സവിശേഷമായി എന്തെങ്കിലും ചെയ്യുമെന്ന് ഞാന്‍ കരുതിയിരുന്നില്ല, എന്റെ റോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓരോ പന്തിനെയും അതിന്റെ മെറിറ്റില്‍ നേരിടാനുമാണ് ഞാന്‍ ശ്രമിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നാണിത്.'' സഞ്ജു കൂട്ടിച്ചേര്‍ത്തു.