കോഴിക്കോട്: സെമിയില്‍ മണിപ്പുരിനെ തകര്‍ത്ത കേരളം ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ബംഗാളിനെ നേരിടും. സന്തോഷ് ട്രോഫിയില്‍ എട്ടാം കിരീടമെന്ന സ്വപ്നത്തിലേക്ക് ഇനി ഒരു കളിയുടെ മാത്രം ദൂരം മാത്രമെ ഉള്ളൂ. ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെയാണ് കേരളം ഫൈനലിലെത്തിയത്. 1973ല്‍ തുടങ്ങിയതാണ് സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ കിരീടയാത്ര.
1992-ല്‍ കോയമ്പത്തൂരിലും 93-ലും കേരള ടീം ജേതാക്കളായി. 2001-ല്‍ മുംബൈയിലും 2004-ല്‍ ഡല്‍ഹിയിലും 2018-ല്‍ കൊല്‍ക്കത്തയിലും കേരളം കിരീടം നേടി. 2022-ല്‍ മഞ്ചേരിയില്‍ നടന്ന സന്തോഷ് ട്രോഫിയിലാണ് കേരളം അവസാനം ജേതാക്കളായത്. നിര്‍ണായകമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മുകശ്മീരിനെ പരാജയപ്പെടുത്തിയാണ് കേരളം സെമിയില്‍ എത്തിയത്. 73-ാം മിനിറ്റില്‍ നസീബ് റഹ്‌മാനായിരുന്നു വിജയഗോള്‍ നേടിയത്. പ്രതിരോധത്തിലൂന്നി കളിച്ച കശ്മീരിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചായിരുന്നു കേരളത്തിന്റെ വിജയം.
നാലുമത്സരം തുടര്‍ച്ചയായി ജയിച്ച കേരളം ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തമിഴ്‌നാടിനോട് സമനില വഴങ്ങി. കളിതീരാന്‍ ഒരുമിനിറ്റ് മാത്രം ബാക്കി നില്‍ക്കെ നേടിയ ഗോളിന്റെ ബലത്തിലായിരുന്നു സമനില. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ അവസാനപോരില്‍ തമിഴ്‌നാടിനെതിരേ രണ്ടാംനിര ടീമിനെയായിരുന്നു കേരളം ഇറക്കിയത്. നിജോ ഗില്‍ബര്‍ട്ടായിരുന്നു കേരളത്തിന് വേണ്ടി സമനില നേടിയത്.
ഡല്‍ഹിക്കെതിരെ 3-0ത്തിന്റെ വമ്പന്‍ ജയമാണ് കേരളം നേടിയത്. നസീബ് റഹ്‌മാന്‍, ജോസഫ് ജസ്റ്റിന്‍, ടി. ഷിജിന്‍ എന്നിവരായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍. മൂന്നുഗോളുകള്‍ക്കും വഴിയൊരുക്കി മിഡ് ഫീല്‍ഡര്‍ നിജോയും ഒപ്പം നിന്നു. ഗ്രൂപ്പ് ബിയില്‍ താരതമ്യേന ശക്തരായ ടീമായിരുന്നു ഡല്‍ഹി. ഇവരോട് വമ്പന്‍ വിജയം നേടിയത് ടീമിന് വലിയ ആത്മവിശ്വാസം നല്‍കി. ഗ്രൂപ്പ് ബി-യിലെ മൂന്നാം മത്സരത്തില്‍ ഒഡിഷയെ എതിരില്ലാത്ത രണ്ടുഗോളിന് തകര്‍ത്താണ് കേരളം ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.