/kalakaumudi/media/media_files/2026/02/08/santosh-3-2026-02-08-16-39-53.jpg)
ഗുവാഹത്തി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ സര്‍വീസസ് ചാമ്പ്യന്മാര്‍. എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് സര്‍വീസസ് സ്വന്തമാക്കിയത്. ഫൈനലില്‍ കേരളത്തെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സര്‍വീസസ് കിരീടം ചൂടിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചെങ്കിലും എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ സര്‍വീസസ് നേടിയ നിര്‍ണായക ഗോളാണ് കേരളത്തിന്റെ എട്ടാം കിരീടമെന്ന സ്വപ്നത്തിന് കരിനിഴല്‍ വീഴ്ത്തിയത്. അഭിഷേക് പവാര്‍ ആണ് 109ാം മിനിറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് ഗോള്‍ വല കുലുക്കിയത്. 2024-ല്‍ സന്തോഷ് ട്രോഫി നേടിയിയ സര്‍വീസസ് കഴിഞ്ഞ വര്‍ഷം സെമിയിലും എത്തിയിരുന്നു.
ആവേശകരമായ ഫൈനല്‍ പോരാട്ടത്തിനായിരുന്നു ധാകുവാഖാന സ്റ്റേഡിയം സാക്ഷിയായത്. കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും ആക്രമണത്തിലും കേരളം മുന്നിട്ടുനിന്നെങ്കിലും ഗോള്‍വല കുലുക്കാന്‍ മാത്രം കഴിഞ്ഞില്ല. മധ്യനിരയില്‍ നിന്ന് മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും സര്‍വീസസിന്റെ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ കേരള സ്‌ട്രൈക്കര്‍മാര്‍ക്ക് സാധിച്ചില്ല.
കളിയുടെ വിധി നിര്‍ണ്ണയിക്കാന്‍ എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോള്‍ സര്‍വീസസ് കൂടുതല്‍ കരുത്തോടെ കളിച്ചു. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലഭിച്ച അവസരം അഭിഷേക് പവാര്‍ ഗോളാക്കി മാറ്റിയതോടെ കേരളം പ്രതിരോധത്തിലായി. ഗോള്‍ വഴങ്ങിയ ശേഷം കേരളം സര്‍വ്വശക്തിയും എടുത്ത് ആക്രമിച്ചെങ്കിലും സര്‍വീസസ് ശക്തമായി പ്രതിരോധം തീര്‍ത്തതോടെ സമനില ഗോള്‍ അകന്നുനിന്നു. കപ്പ് നേടാനായില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കേരളത്തിനായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
