സന്തോഷ് ട്രോഫി: റെയില്‍വേസിനെ കീഴടക്കി കേരളം തുടങ്ങി

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം ജയിച്ചത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം പകരക്കാരനായിറങ്ങിയ മുഹമ്മദ് അജ്‌സലാണ് 71-ാം മിനിറ്റില്‍ കേരളത്തിന്റെ വിജയഗോള്‍ കണ്ടെത്തിയത്. 

author-image
Prana
New Update
clt stadium

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ കീഴടക്കി കേരളം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം ജയിച്ചത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം പകരക്കാരനായിറങ്ങിയ മുഹമ്മദ് അജ്‌സലാണ് 71-ാം മിനിറ്റില്‍ കേരളത്തിന്റെ വിജയഗോള്‍ കണ്ടെത്തിയത്. 
മത്സരത്തിന്റെ തുടക്കം മുതല്‍ കേരളം ആക്രമിച്ചു കളിച്ചെങ്കിലും റെയില്‍വേയുടെ പ്രതിരോധത്തില്‍ തട്ടി ഗേള്‍ ഒഴിഞ്ഞുനിന്നു. 26-ാം മിനിറ്റില്‍ കേരളത്തിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും മധ്യനിരതാരം ക്രിസ്റ്റി ഡേവിസ് പാഴാക്കി. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്നുള്ള ഡേവിസിന്റെ ഷോട്ട് പുറത്തേക്കു പോയി. ഇടതുവിങ്ങിലൂടെയായിരുന്നു കേരളത്തിന്റെ മുന്നേറ്റങ്ങള്‍ കൂടുതലും. ഗനി അഹമ്മദും ഷിജിനും മികച്ച നീക്കങ്ങളുമായി പ്രതീക്ഷ തന്നെങ്കിലും ഗോള്‍ മാത്രം വന്നില്ല. കിട്ടിയ അവസരങ്ങളില്‍ റെയില്‍വേസും കൗണ്ടര്‍ അറ്റാക്കിംഗ് നടത്തിയതോടെ കളി ചടുലമായി. 
ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ആക്രമണഫുട്‌ബോളുമായാണ് റെയിവേസ് കളത്തിലെത്തിയത്. കേരളമാകട്ടെ പന്ത് കൈവശം വെച്ചുകളിക്കാനാണ് ശ്രദ്ധിച്ചത്. റെയില്‍വേയുടെ തുടരന്‍ ആക്രമണങ്ങളെത്തുടര്‍ന്ന് കേരളം പ്രതിരോധത്തിലേക്കു വലിഞ്ഞു. എന്നാല്‍ കളിയുടെ ഒഴുക്കിന് വിപരീതമായി കേരളമാണ് ഗോളടിച്ചത്. 71-ാം മിനിറ്റില്‍ റെയില്‍വേ പ്രതിരോധതാരത്തിന്റെ പിഴവ് മുതലെടുത്തു മുന്നേറിയ നിജോ ഗില്‍ബെര്‍ട്ട് പന്ത് പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്‌സലിന് നീട്ടി. അനായാസം ലക്ഷ്യം കണ്ട് അജ്‌സല്‍ ടീമിനെ മുന്നിലെത്തിച്ചു. ഗോള്‍ വീണതിന് ശേഷവും കേരളം മുന്നേറ്റങ്ങള്‍ തുടര്‍ന്നെങ്കിലും റെയില്‍വേസ് പ്രതിരോധം മറികടക്കാനായില്ല. 

 

kerala santosh trophy Indian Railways