സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തില്‍ ലക്ഷദ്വീപിനെ മറുപടിയില്ലാത്ത 10 ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. ആറാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലിലൂടെ തുടങ്ങിയ ഗോളടി 89-ാം മിനിറ്റിലെ ഇ. സജീഷിന്റെ ഗോളോടെയാണ് കേരളം അവസാനിപ്പിച്ചത്.
ആദ്യ പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സജീഷ് ഹാട്രിക്കുമായി (37, 78, 89) തിളങ്ങി. അജ്‌സലും (6, 20), ഗനി അഹമ്മദ് നിഗമും (55, 81) ഇരട്ട ഗോളുകള്‍ നേടി. നസീബ് റഹ്മാന്‍ (9), വി. അര്‍ജുന്‍ (46), മുഹമ്മദ് മുഷ്‌റഫ് (57) എന്നിവരായിരുന്നു കേരളത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍.
തുടക്കംമുതല്‍ കേരളത്തിന്റെ ആധിപത്യമായിരുന്നു. ആദ്യ മിനിറ്റുകളില്‍ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ തടയാന്‍ ലക്ഷദ്വീപ് പ്രതിരോധം നന്നായി ബുദ്ധിമുട്ടി. ലക്ഷദ്വീപ് താരങ്ങള്‍ ഒരു തവണ പന്തു നിയന്ത്രിക്കും മുന്‍പു തന്നെ അജ്‌സലിലൂടെ കേരളം മുന്നിലെത്തിയിരുന്നു.
ലക്ഷദ്വീപ് താരങ്ങള്‍ക്കു കാലില്‍ പന്തു കിട്ടിയപ്പോളെല്ലാം സ്വന്തം ഹാഫില്‍ വച്ചുതന്നെ അവര്‍ നഷ്ടപ്പെടുത്തി. വലതുവിങ്ങിലൂടെ നിജോയും ഇടതുവിങ്ങിലൂടെ മുഹമ്മദ് അഷ്‌റഫും ലക്ഷദ്വീപ് ബോക്‌സിലേക്ക് നിരന്തരം പന്തെത്തിച്ചുകൊണ്ടിരുന്നു. ഗനി അഹമ്മദ് നിഗം പിന്നിലേക്കിറങ്ങി പ്ലേമേക്കര്‍ റോളിലേക്ക് മാറി മത്സരം നിയന്ത്രിക്കുക കൂടി ചെയ്തതോടെ ലക്ഷദ്വീപിന് കാര്യങ്ങള്‍ കടുപ്പമായി. കൂടുതല്‍ കളിക്കാരെ പിന്നോട്ടിറക്കി പ്രതിരോധം ശക്തമാക്കി മാനം രക്ഷിക്കാന്‍ ലക്ഷദ്വീപുകാര്‍ ശ്രമിച്ചെങ്കിലും അതും ഫലവത്തായില്ല. കേരളതാരങ്ങള്‍ അനായാസം ലക്ഷദ്വീപ് പ്രതിരോധത്തെ മറികടന്ന് ലക്ഷ്യം കണ്ടുകൊണ്ടിരുന്നു.