/kalakaumudi/media/media_files/2025/08/31/chirag-2025-08-31-09-22-56.jpg)
പാരിസ്: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യന്‍ സഖ്യം. പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി ചിരാഗ് ഷെട്ടി കൂട്ടുകെട്ട് സെമിയില്‍ കടന്നതോടെയാണ് വെങ്കല മെഡല്‍ ഉറപ്പാക്കിയത്. 2022ല്‍ ഇൗ സഖ്യം വെങ്കലം നേടിയിരുന്നു.
ലോക രണ്ടാം റാങ്കുകാരായ മലേഷ്യയുടെ ആരോണ്‍ ചിയറൂയി യിക്സോ സഖ്യത്തെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പ്പിച്ചത്. 43 മിനിറ്റില്‍ 21-12, 21-19ന് ജയിച്ചുകയറി. പാരിസ് ഒളിമ്പിക്സ് ക്വാര്‍ട്ടറിലെ തോല്‍വിക്കും 2022ലെ ലോക ചാമ്പ്യന്‍ഷിപ്പ് സെമി പരാജയത്തിനും ഇന്ത്യന്‍ ജോഡി പകരം വീട്ടി. ഇരുടീമുകളും 15 തവണ ഏറ്റുമുട്ടിയതില്‍ നാലാം ജയമാണ്.
റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യന്‍ സഖ്യം ആത്മവിശ്വാസത്തോടെയാണ് മുന്നേറിയത്. ആദ്യ ഗെയിമില്‍ കരുത്തുറ്റ ഷോട്ടുകളുമായി 116ന് ലീഡ് നേടി. തുടക്കത്തില്‍ കിട്ടിയ മുന്‍തൂക്കം പിന്നീട് വിട്ടുകൊടുത്തില്ല.
രണ്ടാം ഗെയിമിലും വ്യക്തമായ ലീഡ് കിട്ടി. എന്നാല്‍ 17-11 ലീഡില്‍ നില്‍ക്കെ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് മലേഷ്യന്‍ താരങ്ങള്‍ തിരിച്ചുവരവിന് ശ്രമിച്ചു. ഇന്ത്യയെ 19-19ന് പിടിച്ചുകെട്ടിയെങ്കിലും ജയിക്കാനുള്ള ഷോട്ടുകള്‍ മലേഷ്യന്‍ റാക്കറ്റില്‍ ഇല്ലാതെപോയി. രണ്ട് പോയിന്റ് നേടി ഗെയിമും കളിയും ഇന്ത്യ സ്വന്തമാക്കി. 2011 മുതല്‍ എല്ലാ ലോക ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യക്ക് മെഡലുണ്ട്. സെമിയില്‍ പതിനൊന്നാം റാങ്കുള്ള ചൈനയുടെ ലിയു ബോ യാങ് ചെന്‍ കൂട്ടുകെട്ടാണ് എതിരാളി.