സൗദി സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റില്‍ നിന്നുള്ള പിന്മാറ്റം; അല്‍ ഹിലാല്‍ ക്ലബ്ബിന് ഒരു കോടിയിലേറെ രൂപ പിഴ

അല്‍ നസ്ര്‍, അല്‍ ഇത്തിഹാദ്, അല്‍ ഖാദിസിയ എന്നീ ടീമുകളോടൊപ്പമാണ് അല്‍ ഹിലാല്‍ ക്ലബ്ബും ഉള്‍പ്പെട്ടത്.

author-image
Jayakrishnan R
New Update
ALHILAL

റിയാദ്: ഈ വര്‍ഷത്തെ സൗദി സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയ അല്‍ ഹിലാല്‍ ക്ലബ്ബിന് അഞ്ച് ലക്ഷം റിയാല്‍ (1.16 കോടി ഇന്ത്യന്‍ രൂപ) പിഴ ചുമത്തി സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. അടുത്ത സൗദി സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍നിന്ന് ക്ലബ്ബിന് വിലക്കുമുണ്ട്. 2025-26 സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നതിനായി അല്‍ ഹിലാല്‍ ക്ലബ്ബിന് അനുവദിച്ച സാമ്പത്തിക പ്രതിഫലങ്ങള്‍ തടഞ്ഞുവെച്ചതും ശിക്ഷയില്‍ ഉള്‍പ്പെടുന്നു.

ഓഗസ്റ്റ് 19 മുതല്‍ 23 വരെ ഹോങ്കോങ്ങില്‍ നടക്കുന്ന സൗദി സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റില്‍ നിന്നാണ് മത്സര ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് ശേഷം അല്‍ ഹിലാല്‍ ക്ലബ് പിന്മാറിയത്. ഇതിനെത്തുടര്‍ന്ന് സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ  അച്ചടക്ക, എത്തിക്‌സ് കമ്മിറ്റിയാണ് ക്ലബ്ബിനെതിരെ നടപടി എടുത്തത്.

 അല്‍ നസ്ര്‍, അല്‍ ഇത്തിഹാദ്, അല്‍ ഖാദിസിയ എന്നീ ടീമുകളോടൊപ്പമാണ് അല്‍ ഹിലാല്‍ ക്ലബ്ബും ഉള്‍പ്പെട്ടത്. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് കുറച്ച് ദിവസം മുമ്പ് അല്‍ ഹിലാല്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

അമേരിക്കയില്‍ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ പങ്കെടുക്കുന്നതിനാലാണ് പിന്മാറ്റം എന്നായിരുന്നു ക്ലബ്ബ് വിശദീകരിച്ചത്. ഈ പിന്മാറ്റം കായിക, നിയമ മേഖലകളില്‍ വിവാദങ്ങള്‍ക്ക് കാരണമായി. ശേഷം മത്സരത്തില്‍ അല്‍ ഹിലാലിന് പകരം അല്‍ അഹ്ലി ക്ലബ്ബിനെ സൗദി ഫുട്ബാള്‍ ഫെഡറേഷന്‍ മത്സര കമ്മിറ്റി ഉള്‍പ്പെടുത്തി. സെമിഫൈനലില്‍ അല്‍ അഹ്ലി ക്ലബ്, അല്‍ ഖാദിസിയയ്ക്കെതിരെ മത്സരിക്കും.

രണ്ടാം സെമിയില്‍ അല്‍ നസ്ര്‍ ക്ലബ്ബും അല്‍ ഇത്തിഹാദ് ക്ലബ്ബും ഏറ്റുമുട്ടും. വിജയികള്‍ ഫൈനലില്‍ സൂപ്പര്‍ കപ്പ് കിരീടത്തിനായി മത്സരിക്കും. സൗദി സൂപ്പര്‍ കപ്പ് മത്സര ഷെഡ്യൂള്‍ പുറത്തിറങ്ങിയതിന് പിന്നാലെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അച്ചടക്ക, എത്തിക്‌സ് കമ്മിറ്റി അല്‍ ഷബാബ് ക്ലബ്ബിന് 1,25,000 സൗദി റിയാല്‍ പിഴ ചുമത്തുകയും അടുത്ത വനിതാ സൗദി സൂപ്പര്‍ കപ്പില്‍നിന്ന് ക്ലബ്ബിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

sports football