മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ഈയാഴ്ച അവസാനം പ്രഖ്യാപിച്ചേക്കും. പ്രധാനപ്പെട്ട പല താരങ്ങളെയും പുറത്തിരുത്തിയാകും ഇന്ത്യ ഐസിസി ടൂര്‍ണമെന്റ് കളിക്കുകയെന്നാണു വിവരം. സീനിയര്‍ താരങ്ങളായ കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ചാംപ്യന്‍സ് ട്രോഫിയില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും ടീമില്‍ തുടരും.
അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സിലക്ഷന്‍ കമ്മിറ്റി ഈയാഴ്ച അവസാനം ചേരുന്നുണ്ട്. അതിനു പിന്നാലെ ടീം പ്രഖ്യാപനമുണ്ടാകും. 2023 ലെ ഏകദിന ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പരിക്കേറ്റപ്പോള്‍, ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം കെ.എല്‍. രാഹുലിനു ലഭിച്ചിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ ഋഷഭ് പന്തിനെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാക്കാനാണ് ബിസിസിഐയ്ക്കു താല്‍പര്യം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചറി നേടിയെങ്കിലും, മലയാളി താരം സഞ്ജു സാംസണെ ചാംപ്യന്‍സ് ട്രോഫി കളിപ്പിക്കാന്‍ സാധ്യത കുറവാണ്. വിജയ് ഹസാരെ ട്രോഫി കളിക്കുന്ന കേരള ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടായിരുന്നില്ല. ഇതും താരത്തിനു തിരിച്ചടിയാകും.