/kalakaumudi/media/media_files/2025/06/29/dayal-2025-06-29-21-37-09.webp)
dayal
മുംബൈ : ഇന്ത്യന്‍ പേസര്‍ യാഷ് ദയാലിനെതിരെ പീഡന പരാതിയുമായി യുവതി. യാഷ് ദയാല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. ഗാസിയാബാദില്‍നിന്നുള്ള യുവതി പരാതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലിനെ സമീപിച്ചു. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജൂലൈ 21ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്. യാഷ് ദയാലുമായി അഞ്ചു വര്‍ഷമായി അടുപ്പമുണ്ടായിരുന്നെന്നും ഇന്ത്യന്‍ താരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നുമാണു യുവതിയുടെ പരാതിയിലുള്ളത്. വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം പണം തട്ടിയെടുത്തെന്നും ഒരുപാടു പെണ്‍കുട്ടികളെ ഇങ്ങനെ പറ്റിച്ചിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. തെളിവായി ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍, വിഡിയോ കോള്‍ രേഖകള്‍ എന്നിവ തന്റെ കൈവശമുണ്ടെന്നാണു യുവതിയുടെ അവകാശവാദം.
യുവതിയെ കുടുംബത്തിനു പരിചയപ്പെടുത്തിയ യാഷ് ദയാല്‍, ഭര്‍ത്താവിനെ പോലെയാണു പെരുമാറിയതെന്നും, അങ്ങനെ വിശ്വാസം നേടിയെടുത്തതായും പരാതിയില്‍ പറയുന്നു.''കബളിപ്പിക്കുകയാണെന്നു മനസ്സിലാക്കി പ്രതികരിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മര്‍ദിച്ച് അവശയാക്കി. യാഷ് ദയാല്‍ പ്രണയം അഭിനയിച്ച് പല പെണ്‍കുട്ടികളെയും ഇങ്ങനെ പറ്റിച്ചിട്ടുണ്ട്.''- പരാതിയില്‍ യുവതി ആരോപിച്ചു. യാഷ് ദയാല്‍ പീഡിപ്പിക്കുകയാണെന്നു പറഞ്ഞ് യുവതി വനിതാ ഹെല്‍പ് ലൈനെ നേരത്തേ സമീപിച്ചിട്ടുള്ളതായും വിവരമുണ്ട്.