ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയേക്കാള്‍ ദുര്‍ബലരാണ് പാകിസ്ഥാനെന്ന് മുന്‍ പാക് ക്യാപ്റ്റന്‍

നാളെ ദുബായില്‍ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. രണ്ടാം മത്സരവും വിജയിച്ച് സെമിഫൈനലില്‍ സ്ഥാനം ഉറപ്പാക്കുകയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ലക്ഷ്യമിടുന്നത്.

author-image
Biju
New Update
hgfth

ഹൈദരാബാദ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ വിജയം നേടിയ ഇന്ത്യ നാളെ ദുബായില്‍ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. രണ്ടാം മത്സരവും വിജയിച്ച് സെമിഫൈനലില്‍ സ്ഥാനം ഉറപ്പാക്കുകയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം ലക്ഷ്യമിടുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പാകിസ്ഥാന്‍ തോല്‍വി ഏറ്റുവാങ്ങി. 60 റണ്‍സിന് ജയിച്ച കിവീസ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ശക്തവും ആഘോഷിക്കപ്പെടുന്നതുമാണ്.

അതേസമയം ഇന്ത്യയ്ക്ക് കൂടുതല്‍ മാച്ച് വിന്നര്‍മാരുണ്ടെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി ജിയോ ഹോട്ട്സ്റ്റാറിലെ ഒരു ഷോയില്‍ പറഞ്ഞു.'നമ്മള്‍ മാച്ച് വിന്നര്‍മാരെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, പാകിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കൂടുതല്‍ മാച്ച് വിന്നര്‍മാര്‍ ഉണ്ടെന്ന് ഞാന്‍ പറയും. ഒരു മാച്ച് വിന്നര്‍ എന്നാല്‍ ഒറ്റയ്ക്ക് കളി എങ്ങനെ ജയിക്കണമെന്ന് അറിയുന്ന ആളാണ്, എന്നാല്‍ പാകിസ്ഥാനില്‍ അത്തരം കളിക്കാര്‍ നമുക്കില്ല.'

ഇന്ത്യയുടെ ശക്തി മധ്യനിരയിലും താഴ്ന്ന നിരയിലുമാണ്, അതിനാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിച്ചു കൊണ്ടിരിക്കുന്നു. വളരെക്കാലമായി, ഞങ്ങള്‍ കളിക്കാര്‍ക്ക് അവസരങ്ങള്‍ നല്‍കിവരുന്നു, പക്ഷേ ആരും സ്ഥിരമായി മുന്നോട്ട് വന്നിട്ടില്ല. ചിലര്‍ കുറച്ച് മത്സരങ്ങളില്‍ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, പക്ഷേ ഒരു വര്‍ഷമോ, രണ്ട് വര്‍ഷമോ, അല്ലെങ്കില്‍ 50-60 മത്സരങ്ങളിലോ പ്രകടനം നിലനിര്‍ത്തിയ കളിക്കാരില്ല.

ഈ മേഖലയില്‍ വളരെ ശക്തരായ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മള്‍ അല്‍പ്പം ദുര്‍ബലരായിരിക്കുന്നത് അവിടെയാണ്. എന്നാല്‍ ഇന്ത്യയ്ക്കെതിരെ ജയിക്കുന്നതിനുള്ള താക്കോല്‍ കൂട്ടായ പ്രകടനമാണ്, അത് ബാറ്റര്‍മാരായാലും, ബൗളര്‍മാരായാലും, സ്പിന്നര്‍മാരായാലും എല്ലാവരുടെയും സംഭാവന നിര്‍ണായകമാണെന്ന് അഫ്രീദി കൂട്ടിച്ചേര്‍ത്തു.

india pakistan champions trophy tournament