/kalakaumudi/media/media_files/2025/08/13/pak-2025-08-13-17-43-49.jpg)
ട്രിനിഡാഡ്: ആദ്യം വിന്‍ഡീസ് മണ്ണിലെ ട്വന്റി20 പരമ്പരയില്‍ 21ന്റെ വിജയം, പിന്നാലെ മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയിലും വിജയത്തുടക്കം... അതുവരെ എല്ലാം ശുഭം. അതിനുശേഷം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം അസ്ഥിരതയുടെ പര്യായമായ 'യഥാര്‍ഥ' പാക്കിസ്ഥാനായി. രണ്ടാം ഏകദിനത്തില്‍ 2 വിക്കറ്റിന്റെ നേരിയ തോല്‍വിയോടെ പരമ്പരയിലെ മുന്‍തൂക്കം കൈവിട്ട പാക്കിസ്ഥാന്, എല്ലാറ്റിനുമൊടുവില്‍ ആന്റി ക്ലൈമാക്‌സ് പോലെ അവസാന ഏകദിനത്തില്‍ 202 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് വിന്‍ഡീസ് പാക്കിസ്ഥാനെതിരെ കൂറ്റന്‍ വിജയത്തോടെ പരമ്പര സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് നിശ്ചിത 50 ഓളറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 294 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ കൂട്ടത്തോടെ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന്‍, ട്വന്റി20 ഫോര്‍മാറ്റിനേപ്പോലും നാണിപ്പിക്കുന്ന പ്രകടനത്തോടെ 29.2 ഓവറില്‍ വെറും 92 റണ്‍സില്‍ ഒതുങ്ങി. ഇതോടെ വിന്‍ഡീസ് സ്വന്തമാക്കിയത് 202 റണ്‍സിന്റെ കൂറ്റന്‍ വിജയം. 1988നു ശേഷം ഇതാദ്യമായാണ് വിന്‍ഡീസ് സ്വന്തം നാട്ടില്‍ പാക്കിസ്ഥാനെതിരെ ദ്വിരാഷ്ട്ര ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഏതു വേദികളിലുമായി പാക്കിസ്ഥാനെതിരെ ഏകദിന പരമ്പര സ്വന്തമാക്കുന്നത് 1991നുശേഷം ആദ്യവും.
രണ്ടു പേര്‍ ഗോള്‍ഡന്‍ ഡക്കും (ആദ്യ പന്തില്‍ പുറത്ത്) മൂന്നു പേര്‍ ഡക്കുമായ പാക്കിസ്ഥാന്‍ ഇന്നിങ്‌സില്‍, രണ്ടക്കത്തിലെത്തിയത് മൂന്നു പേര്‍ മാത്രം. 49 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 30 റണ്‍സെടുത്ത സല്‍മാന്‍ ആഗയാണ് അവരുടെ ടോപ് സ്‌കോറര്‍. മുഹമ്മദ് നവാസ് 29 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 23 റണ്‍സുമായി പുറത്താകാതെ നിന്നു. 40 പന്തില്‍ 13 റണ്‍സെടുത്ത ഹസന്‍ നവാസാണ് രണ്ടക്കത്തിലെത്തിയ മൂന്നാമന്‍.
ക്യാപ്റ്റന്‍ കൂടിയായ മുഹമ്മദ് റിസ്വാന്‍, അബ്രാര്‍ അഹമ്മദ് എന്നിവരാണ് പാക്ക് നിരയില്‍ ഗോള്‍ഡന്‍ ഡക്കായത്. ഓപ്പണര്‍മാരായ സയിം അയൂബ്, അബ്ദുല്ല ഷഫീഖ്, ഹസന്‍ അലി എന്നിവര്‍ ഡക്കായി. സൂപ്പര്‍താരം ബാബര്‍ അസം 23 പന്തില്‍ ഒരു ഫോര്‍ സഹിതം ഒന്‍പതു റണ്‍സെടുത്ത് പുറത്തായി. 7.2 ഓവറില്‍ 18 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ജയ്ഡന്‍ സീല്‍സിന്റെ പ്രകടനമാണ് വിന്‍ഡീസിന് കരുത്തായത്. ഗുദാകേശ് മോത്തി രണ്ടും റോസ്റ്റണ്‍ ചേസ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, അപരാജിത സെഞ്ചറിയുമായി മുന്നില്‍നിന്ന് പടനയിച്ച ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ ഇന്നിങ്‌സാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഷായ് ഹോപ്പ് 94 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം 120 റണ്‍സുമായി പുറത്താകാതെ നിന്നു. റോസ്റ്റണ്‍ ചേസ് (29 പന്തില്‍ 36), ജസ്റ്റിന്‍ ഗ്രീവ്‌സ് (24 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം പുറത്താകാതെ 43) എന്നിവരും തിളങ്ങി. ഓപ്പണര്‍ എവിന്‍ ലെവിസ് (54 പന്തില്‍ 37), കീസി കാര്‍ട്ടി (45 പന്തില്‍ 17), ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് (40 പന്തില്‍ 15) എന്നിവരും തിളങ്ങി. പാക്കിസ്ഥാനായി നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ടും സയിം അയൂബ്, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.