/kalakaumudi/media/media_files/2025/01/24/GNnVAYHw5D7HTjtEN6UU.jpg)
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈയ്ക്കായി രണ്ടാം ഇന്നിംഗ്‌സിലും രക്ഷകനായി ഓള്‍ റൗണ്ടര്‍ ഷാര്‍ദുല്‍ താക്കൂര്‍. ആദ്യ ഇന്നിംഗ്‌സില്‍ 86 റണ്‍സിന്റെ ലീഡ് വഴങ്ങിയ മുംബൈ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു ഘട്ടത്തില്‍ ഏഴിന് 101 റണ്‍സെന്ന നിലയില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഷാര്‍ദുല്‍ താക്കൂറും തനൂഷ് കോട്യാനും ചേര്‍ന്ന് വീണ്ടും മുംബൈയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് പിരിയാത്ത ഏട്ടാം വിക്കറ്റില്‍ ഇതുവരെ 173 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. 119 പന്തില്‍ 17 ഫോറുകള്‍ ഉള്‍പ്പെടെ 113 റണ്‍സുമായി താക്കൂറും 119 പന്തില്‍ ആറ് ഫോറുകളടക്കം 58 റണ്‍സുമായി കോട്യാനും ക്രീസില്‍ തുടരുകയാണ്. സ്‌കോര്‍ മുംബൈ ആദ്യ ഇന്നിംഗ്‌സില്‍ 120, ജമ്മു കാശ്മീര്‍ ആദ്യ ഇന്നിംഗ്‌സില്‍ 206. മുംബൈ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴിന് 274.
നേരത്തെ ഏഴിന് 174 റണ്‍സെന്ന സ്‌കോറില്‍ നിന്നാണ് രണ്ടാം ദിവസം രാവിലെ ജമ്മു കാശ്മീര്‍ ആദ്യ ഇന്നിംഗ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. 206 റണ്‍സില്‍ ജമ്മു കാശ്മീര്‍ ഓള്‍ഔട്ടായി. ആദ്യ ഇന്നിംഗ്‌സില്‍ 120 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാന്‍ കഴിഞ്ഞത്. 86 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനും ജമ്മു കാശ്മീരിന് കഴിഞ്ഞു.
രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ താരങ്ങളുള്‍പ്പെട്ട മുംബൈ ബാറ്റിങ് തകര്‍ച്ച നേരിട്ടു. യശസ്വി ജയ്‌സ്വാള്‍ 26, രോഹിത് ശര്‍മ 28 എന്നിവര്‍ നന്നായി തുടങ്ങിയ ശേഷം വിക്കറ്റ് നഷ്ടപ്പെടുത്തി. അജിന്‍ക്യ രഹാനെ 16, ശ്രേയസ് അയ്യര്‍ 17, ശിവം ദുബെ പൂജ്യം എന്നിങ്ങനെയും സ്‌കോര്‍ ചെയ്ത് മടങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ ജമ്മു കാശ്മീരിനെതിരെ മുംബൈയ്ക്ക് നിലവില്‍ 188 റണ്‍സിന്റെ ലീഡുണ്ട്.