/kalakaumudi/media/media_files/gQec1J1gE0DMQ1m3jVMt.jpg)
വനിതാ ക്രിക്കറ്റില്‍ 2000 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മയ്ക്ക്. ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിലാണ് 20 വയസ്സും 255 ദിവസവും പ്രായമുള്ള താരത്തിന്റെ നേട്ടം. 23 വയസ്സും 35 ദിവസവും പ്രായമുള്ളപ്പോള്‍ അയര്‍ലന്‍ഡ് താരം ഗാബി ലൂയിസ് സ്വന്തമാക്കിയ റെക്കോര്‍ഡാണ് ഷെഫാലി ഇതോടെ മറികടന്നത്.
ശ്രീലങ്കക്കെതിരായ മത്സരത്തില്‍ 2000ത്തിലെത്താന്‍ ഷഫാലിക്ക് 18 റണ്‍സാണ് വേണ്ടിയിരുന്നത്. 43 റണ്‍സെടുത്താണ് താരം തിരിച്ചുകയറിയത്. വനിത ട്വന്റി 20യില്‍ 2000 ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്ററാണ് ഷഫാലി. സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, മിഥാലി രാജ്, ജമീമ റോഡ്രിഗസ് എന്നിവരാണ് ഇതിന് മുമ്പ് ടി20 യില്‍ 2000 റണ്‍സ് മറികടന്നത് . 2019ല്‍ 15ാം വയസ്സിലാണ് ഷഫാലി ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയത്. വനിത ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടിയതിന്റെ റെക്കോര്‍ഡും ഷഫാലിയുടെ പേരിലാണ്.
അതേ സമയം വനിത ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ 82 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. ഇതോടെ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡുമായുള്ള ലോകകപ്പിലെ ആദ്യ മത്സരമാണ് ഇന്ത്യ തോറ്റത്. ശേഷം പാകിസ്താനെതിരെയുള്ള രണ്ടാം മത്സരം വിജയിച്ചു. നിര്‍ണായകമായ നാലാം മത്സരത്തില്‍ ഞായറാഴ്ച ആസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കാണ് സെമി പ്രവേശനം.