/kalakaumudi/media/media_files/2026/01/14/shikar-2026-01-14-08-33-59.jpg)
മുംബൈ: ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിന് തുടക്കമിട്ട് ഇന്ത്യന്‍ മുന്‍ ഓപ്പണിങ് ബാറ്റര്‍ ശിഖര്‍ ധവാന്‍. ഏറെ നാളായി പ്രണയത്തിലായിരുന്ന സോഫി ഷൈനുമായുള്ള ശിഖര്‍ ധവാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷം ധവാന്‍ ആരാധകരുമായി പങ്കുവെച്ചത്.
വിവാഹ തിയതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഐറിഷ് വംശജയാണ് സോഫി. യുഎഇയില്‍ പ്രൊഡക്റ്റ് കണ്‍സള്‍ട്ടന്റായാണ് സോഫി ജോലി ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധിക്കുന്ന യുവതിയാണ് സോഫി ഷൈന്‍ എന്നാണ് ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് മനസിലാകുന്നത്. യാത്രകളേയും സോഫി ഒരുപാട് ഇഷ്ടപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം മെയില്‍ ആണ് സോഫിയയുമായി താന്‍ പ്രണയത്തിലാണ് എന്ന് ധവാന്‍ പരസ്യമായി പ്രതികരിച്ചത്. എന്നാല്‍ അതിന് മുന്‍പ് തന്നെ ധവാനും സോഫിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വന്നിരുന്നു.
ധവാന്റെ വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്റെ പ്രണയം എന്ന ക്യാപ്ഷനോടെയാണ് സോഫിയയുമായുള്ള പ്രണയം ധവാന്‍ 2025 മെയില്‍ പ്രഖ്യാപിച്ചത്. സോഫിയ ഷൈനിനൊപ്പം പലവട്ടം ശിഖര്‍ ധവാന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ചാംപ്യന്‍സ് ട്രോഫി മത്സരത്തിനിടയില്‍ ഗ്യാലറിയിലും വിമാനത്താവളത്തിലുമെല്ലാം ഇരുവരേയും ഒരുമിച്ച് കണ്ടതോടെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അപ്പോള്‍ പ്രതികരിക്കാന്‍ ധവാനോ സോഫിയ ഷൈനോ തയ്യാറായിരുന്നില്ല.
ആയിഷയുമായുള്ള വിവാഹം 2012ല്‍
മെല്‍ബണ്‍ സ്വദേശിയായിരുന്ന ആയിഷ മുഖര്‍ജിയായിരുന്നു ധവാന്റെ ആദ്യ ഭാര്യ. ഫിറ്റ്‌നസ് ട്രെയ്‌നറും കിക്ക് ബോക്‌സറുമായിരുന്നു ആയിഷ. ആയിഷയുമായി 2008ല്‍ ധവാന്‍ പ്രണയത്തിലാവുകയും 2012ല്‍ ഇരുവരും വിവാഹിതരാവും ചെയ്തു. ധവാനേക്കാള്‍ 12 വയസ് കൂടുതലായിരുന്നു ആയിഷയ്ക്ക്. ആയിഷയ്ക്ക് രണ്ട് മക്കളുണ്ടായിരുന്നു. ആയിഷയുമായുള്ള ബന്ധത്തില്‍ ധവാന് ഒരു മകനാണ് ഉള്ളത്.
2014ല്‍ ആയിരുന്നു മകന്‍ സൊരാവറിന്റെ ജനനം.2021 മുതല്‍ ആണ് ആയിഷയും ധവാനും വേര്‍പിരിഞ്ഞ് കഴിയാന്‍ ആരംഭിച്ചത്. 2023ല്‍ ഔദ്യോഗികമായി വിവാഹമോചനം നേടുകയും ചെയ്തു. മകന്‍ സൊരാവറിന്റെ കസ്റ്റഡിക്കായി ഇരുവരും തമ്മില്‍ വലിയ നിയമപോരാട്ടം നടന്നു. ഒടുവില്‍ കേസില്‍ ധവാന്‍ പരാജയപ്പെടുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
