/kalakaumudi/media/media_files/2025/06/27/rohit-and-shikhar-2025-06-27-14-45-35.webp)
rohith and shikhar
ഇന്ത്യന്‍ വംശജയും ഓസ്ട്രേലിയയ്ക്കാരിയുമായ ആയേഷ മുഖര്‍ജിയും, ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും 2012-ലാണ് വിവാഹിതരായത് . ഒമ്പത് വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും വേര്‍പിരിയുകയും ചെയ്തു. എന്നാല്‍, തന്റെ ജീവിതത്തില്‍ അതിന് മുമ്പ് സംഭവിച്ച ഒരു പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ശിഖര്‍.
2006-ല്‍ ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഈ പെണ്‍കുട്ടിയെ ശിഖര്‍ കണ്ടുമുട്ടിയത്. അവള്‍ വളരേയധികം സുന്ദരിയാണെന്നും ആദ്യത്തെ കാഴ്ച്ചയില്‍തന്നെ പ്രണയം തോന്നിയെന്നും ശിഖര്‍ തന്റെ ആത്മകഥയില്‍ പറയുന്നു. അന്ന് ആ കാമുകിയെ ഹോട്ടല്‍ മുറിയിലേക്ക് ഒളിച്ചുകടത്തിയെന്നും ടീമിനുള്ളിലെ എല്ലാവരും ആ പ്രണയത്തെ കുറിച്ച് അറിഞ്ഞുവെന്നും ശിഖര്‍ പറയുന്നു. അന്ന് ഹോട്ടല്‍ റൂം പങ്കിട്ടിരുന്നത് രോഹിത് ശര്‍മയുമായിട്ടായിരുന്നു. താന്‍ പെണ്‍കുട്ടിയുമായി വന്നപ്പോള്‍ രോഹിതിന്റെ പ്രതികരണം എന്തായിരുന്നുവെന്നും പുസ്തകത്തില്‍ ശിഖര്‍ പറയുന്നുണ്ട്.
'അവള്‍ വളരേയധികം സുന്ദരിയായിരുന്നു. പെട്ടെന്ന് തന്നെ ഞാന്‍ വീണ്ടും പ്രണയത്തിലായി. പര്യടനത്തിലെ പരിശീലന മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറിയുമായാണ് ഞാന്‍ തുടങ്ങിയത്. മികച്ച രീതിയില്‍ ഞാന്‍ ബാറ്റ് ചെയ്യാന്‍ തുടങ്ങി. ഓരോ മത്സരത്തിന് ശേഷവും ഞാന്‍ 'എല്ലെനെ' (യഥാര്‍ഥ പേരല്ല) യെ കാണാന്‍ പോകുമായിരുന്നു. താമസിയാതെ ഞാന്‍ അവളെ ഹോട്ടല്‍ മുറിയിലേക്ക് ആരും അറിയാതെ കൊണ്ടുവന്നു. രോഹിത് ഇടയ്ക്കിടെ എന്നോട് ഹിന്ദിയില്‍ പരാതി പറയും. 'നീ എന്നെയൊന്ന് ഉറങ്ങാന്‍ അനുവദിക്കുമോ എന്ന് '
ഒരു ദിവസം വൈകുന്നേരം ഞാന്‍ എല്ലെനോടൊപ്പം അത്താഴത്തിന് പോകുമ്പോള്‍ അവളെ കുറിച്ചുള്ള വാര്‍ത്ത ടീം മുഴുവന്‍ കാട്ടുതീ പോലെ പടര്‍ന്നു. ഞങ്ങളോടൊപ്പം ടൂറിലുണ്ടായിരുന്ന ഒരു മുതിര്‍ന്ന ദേശീയ സെലക്ടര്‍ ഞങ്ങള്‍ രണ്ടുപേരെയും ഹോട്ടല്‍ ലോബിയില്‍ കൈ കോര്‍ത്ത് നടക്കുന്നത് കണ്ടു. അവളുടെ കൈ വിടണമെന്ന് എനിക്ക് തോന്നിയില്ല. കാരണം എന്റെ കാഴ്ച്ചപ്പാടില്‍ ഞാന്‍ തെറ്റൊന്നും ചെയ്തിരുന്നില്ല. ആ പര്യടനത്തില്‍ ഞാന്‍ സ്ഥിരതയോടെ കളിച്ചിരുന്നെങ്കില്‍ സീനിയര്‍ ഇന്ത്യന്‍ ടീമില്‍ എത്താന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷേ എന്റെ പ്രകടനം താഴേക്ക് പോയി.'-ശിഖര്‍ പറയുന്നു.