/kalakaumudi/media/media_files/2026/01/31/ishan-2026-01-31-21-18-49.jpg)
തിരുവനന്തപുരം: കാര്യവട്ടം ടി20-യില്‍ ഇന്ത്യന്‍ ബാറ്റിങ്ങിനു പിന്നാലെ കണ്ട അപ്രതീക്ഷിത മാറ്റത്തില്‍ ഞെട്ടി ആരാധകര്‍. കാര്യവട്ടത്ത് സെഞ്ചുറിയുമായി ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ച ഇഷാന്‍ കിഷനാണ് സഞ്ജുവിന് പകരം വിക്കറ്റ് കീപ്പിങ് ഗ്ലൗ അണിഞ്ഞത്. ടി20 ലോകകപ്പ് ടീമിലടക്കം ഒന്നാം വിക്കറ്റ് കീപ്പറായുണ്ടായിരുന്ന സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തു നിന്ന് മാറ്റിയത് ലോകകപ്പിലെ ടീം കോമ്പിനേഷന്റെ സൂചനകള്‍ നല്‍കുന്നതാണ്.
ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും അഭിഷേക് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചപ്പോള്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 271 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തിരുന്നു. 43 പന്തില്‍ നിന്ന് 10 സിക്സും ആറ് ഫോറുമടക്കം 103 റണ്‍സെടുത്ത ഇഷാന്‍ തന്റെ മികവ് ആരാധകര്‍ക്ക് കാട്ടിക്കൊടുത്തു.
പരമ്പരയില്‍ വീണ്ടും നിരാശപ്പെടുത്തിയ സഞ്ജുവിന് ആറു പന്തില്‍ നിന്ന് ആറു റണ്‍സ് മാത്രമാണ് നേടാനായിരുന്നത്. പരമ്പരയില്‍ ഇതോടെ താരം സമ്പൂര്‍ണ പരാജയമായി. അഞ്ചു മത്സരങ്ങളില്‍ നിന്നായി 9.20 എന്ന മോശം ശരാശരിയില്‍ വെറും 46 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.
ഇതോടെയാണ് സഞ്ജുവിന് പകരം ഇഷാനെ വിക്കറ്റ് കീപ്പറാക്കിയ നീക്കം ശ്രദ്ധേയമാകുന്നത്. സഞ്ജുവിന്റെ തന്നെ തീരുമാനമാണോ ഇത് അതോ ടീം മാനേജ്മെന്റിന്റേതാണോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. എന്നിരുന്നാലും പരമ്പരയില്‍ പൂര്‍ണ പരാജയമായ സഞ്ജുവിന് ഇനി ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ഫെബ്രുവരി ഏഴാം തീയതി ടി20 ലോകകപ്പിന് തുടക്കമാകാനിരിക്കേ പ്ലേയിങ് ഇലവനിലെ സഞ്ജുവിന്റെ സ്ഥാനം പോലും ഇതോടെ ചോദ്യചിഹ്നമായിരിക്കുകയാണ്. സഞ്ജുവിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് ഇഷാനെ ടീമിലെടുത്തിരുന്നത്. ലഭിച്ച അവസരം ഇഷാന്‍ നന്നായി വിനിയോഗിക്കുകയും ചെയ്തു.
പുതിയ നീക്കം സൂചിപ്പിക്കുന്നത് പരിക്കു മാറി തിലക് വര്‍മ ടീമിലെത്തിയാല്‍ സഞ്ജുവിന് സ്ഥാനം നഷ്ടമാകുമെന്നാണ്. അഭിഷേകിനൊപ്പം ഇഷാന്‍ ഓപ്പണിങ് സ്ലോട്ടിലേക്കും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും വരാനാണ് സാധ്യത.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
