ശ്രേയസിനെ ഐസിയില്‍യുവില്‍നിന്നു മാറ്റി, കുടുംബം സിഡ്‌നിയിലേക്ക്

സ്‌കാനിങ്ങില്‍ ശ്രേയസിന്റെ പ്ലീഹയില്‍ (സ്പ്ലീന്‍) മുറിവുള്ളതായി കണ്ടത്തി. ഇതാണ് ആന്തരിക രക്തസ്രാവത്തിനു കാരണമായതെന്നാണ് വിവരം.

author-image
Biju
New Update
sreyas 2

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ് ആന്തരിക രക്തസ്രാവമുണ്ടായ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരെ ഐസിയുവില്‍നിന്നു മാറ്റി. വാരിയെല്ലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശ്രേയസിനെ കഴിഞ്ഞ ദിവസമാണ് സിഡ്‌നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെയാണ് ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചതും ശ്രേയസിനെ ഐസിയുവിലേക്ക് മാറ്റിയതും. ആരോഗ്യനില തൃപ്തികരമായതിനു പിന്നാലെയാണ് ഐസിയുവില്‍നിന്നു പുറത്തിറക്കിയത്. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി മുപ്പതുകാരന്‍ ശ്രേയസ് സിഡ്‌നിയില്‍ തന്നെ തുടരുമെന്നു ടീം മാനേജ്‌മെന്റ് അറിയിച്ചു.

ഓസ്‌ട്രേലിയന്‍ ബാറ്റര്‍ അലക്‌സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെയായിരുന്നു ശ്രേയസിന് വീണു പരുക്കേറ്റത്. പിന്നാലെ ഫിസിയോയുടെ സഹായത്തോടെ ഡ്രസിങ് റൂമിലേക്കു മടങ്ങിയ ശ്രേയസ് ബോധരഹിതനായി വീണെന്നും പള്‍സ് ഉള്‍പ്പെടെ ആശങ്കാജനകമാംവിധം താഴ്ന്നുവെന്നും വൃത്തങ്ങള്‍ അറിയിച്ചു. താരത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സ്‌കാനിങ്ങില്‍ ശ്രേയസിന്റെ പ്ലീഹയില്‍ (സ്പ്ലീന്‍) മുറിവുള്ളതായി കണ്ടത്തി. ഇതാണ് ആന്തരിക രക്തസ്രാവത്തിനു കാരണമായതെന്നാണ് വിവരം. എല്ലാം നിയന്ത്രണവിധേയമാണെന്നും ശ്രേയസിനു വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) അറിയിച്ചു.

സിഡ്‌നി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു പുറമേ ബിസിസിഐയുടെ മെഡിക്കല്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. ഇവരുടെ കൂടി മേല്‍നോട്ടത്തിലാകും ശ്രേയസിന്റെ തുടര്‍ ചികിത്സ. പരുക്ക് പൂര്‍ണമായും ഭേദമായി ശ്രേയസ് നാട്ടിലേക്കു മടങ്ങുന്നതുവരെ ബിസിസിഐ മെഡിക്കല്‍ ടീം സിഡ്‌നിയില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

കുറഞ്ഞത് ഒരാഴ്ചയെങ്കിലും ശ്രേയസ് ആശുപത്രിയില്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം. ആശുപത്രി വിട്ടാലും ശ്രേയസിന് 3 ആഴ്ചയോളം വിശ്രമം ആവശ്യമായി വരും. അതേസമയം, ശ്രേയസ്സ് അയ്യരുടെ കുടുംബം ഉടന്‍ സിഡ്‌നിയിലേക്കു പോകും. ഇതിന്റെ വീസാ നടപടികള്‍ ആരംഭിച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.