ശ്രേയസിന്റെ ഏകദിന നായകത്വം തള്ളി ബിസിസിഐ

വാര്‍ത്തകളില്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്, ഇതുസംബന്ധിച്ച യാതൊരു ചര്‍ച്ചയും ബിസിസിഐയുടെയോ ടീം സെലക്ടര്‍മാരുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു

author-image
Biju
New Update
sreyas

മുംബൈ: ട്വന്റി-20 ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ടീമില്‍നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ആരാധകരുടെയും മുതിര്‍ന്ന താരങ്ങളുടെയുമൊക്കെ എതിര്‍പ്പിനിടെ പ്രതികരണവുമായി ബസിസിഐ സെക്രട്ടറി ദേവജിത് സൈകിയ.

രോഹിതിന് പകരം ഇന്ത്യയുടെ അമ്പത് ഓവര്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ പരിഗണിക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് സൈകിയ പറയുന്നത്. വാര്‍ത്തകളില്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്, ഇതുസംബന്ധിച്ച യാതൊരു ചര്‍ച്ചയും ബിസിസിഐയുടെയോ ടീം സെലക്ടര്‍മാരുടെയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സ്ഥാനസ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റുമെന്നും പകരം ശുഭ്മാന്‍ ഗില്ലിനെ കൊണ്ടുവരുമെന്നുമാണ് നേരത്തേയുണ്ടായിരുന്ന വാര്‍ത്തകള്‍. എന്നാല്‍, പുതിയ വിവാദത്തിന്റെ പശ്ചാത്തലവും ഏകദിനത്തിലെ ശ്രേയസ് അയ്യരുടെ മികച്ച ട്രാക്ക് റെക്കോഡും പുതിയ നീക്കത്തിന് കാരണമാകുന്നുണ്ട്. ട്വന്റി-20 ടീമില്‍ അയ്യരെ ഉള്‍പ്പെടുത്തിയില്ലെന്നുമാത്രമല്ല റിസര്‍വ് പട്ടികയില്‍നിന്നും ഒഴിവാക്കിയതാണ് വിവാദം കൊഴുപ്പിച്ചത്. മുന്‍താരങ്ങളും ക്രിക്കറ്റ് പ്രേമികളുടെ ഇതിനെതിരേ രംഗത്തുവന്നു.

ഏഷ്യാകപ്പ് ടീം സെലക്ഷനുശേഷം നടന്ന ബിസിസിഐ യോഗത്തില്‍ ഏകദിനക്രിക്കറ്റ് ടീമിന്റെ ഭാവികാര്യങ്ങള്‍ ചര്‍ച്ചയായെന്നും ഇതില്‍ പുതിയ ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ച നടന്നെന്നുമാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ അഞ്ച് കളിയില്‍നിന്ന് 243 റണ്‍സുമായി നിര്‍ണായക പങ്കുവഹിച്ച താരമാണ് ശ്രേയസ് അയ്യര്‍. 70 ഏകദിനമത്സരങ്ങളില്‍നിന്ന് 2845 റണ്‍സും നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎലില്‍ പഞ്ചാബ് കിങ്സിനെ ഫൈനലിലേക്ക് നയിച്ച അയ്യര്‍ 604 റണ്‍സും നേടി. സയ്യിദ് മുഷ്താഖ് ട്രോഫിയില്‍ 345 റണ്‍സും താരം അടിച്ചെടുത്തിരുന്നു.

sreyas ayyar