ഗില്‍ ഐസിയുവില്‍, നിരീക്ഷണത്തിന് മെഡിക്കല്‍ ബോര്‍ഡ്

മുന്‍കരുതല്‍ നടപടിയായി ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജന്മാര്‍, ന്യൂറോളജിസ്റ്റുകള്‍, കാര്‍ഡിയോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ ബോര്‍ഡിലുണ്ട്. ഗുരുതരമായ പ്രശ്‌നമില്ലെന്നാണ് എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ട്

author-image
Biju
New Update
gill

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബാറ്റിങ്ങിനിടെ കഴുത്തിന് പരുക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ആശുപത്രിയില്‍. രണ്ടാം ദിനത്തിലെ മത്സരം അവസാനിച്ചതിനു പിന്നാലെയാണ് ഗില്ലിനെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ താരം  ഇപ്പോള്‍ നിരീക്ഷണത്തിലാണ്. മുന്‍കരുതല്‍ നടപടിയായി ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജന്മാര്‍, ന്യൂറോളജിസ്റ്റുകള്‍, കാര്‍ഡിയോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ ബോര്‍ഡിലുണ്ട്.  ഗുരുതരമായ പ്രശ്‌നമില്ലെന്നാണ് എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ട്.

ബിസിസിഐ മെഡിക്കല്‍ സംഘവും താരത്തെ നിരീക്ഷിക്കുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ ഗില്‍ തുടര്‍ന്നു കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഗില്‍ കളിക്കുന്ന കാര്യത്തിലും ഉറപ്പില്ല. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 35ാം ഓവറില്‍ സിമോണ്‍ ഹാമറിന്റെ പന്ത് സ്ലോഗ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയതിനു പിന്നാലെ ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു.3 പന്തില്‍ 4 റണ്‍സെടുത്തു നില്‍ക്കെയാണ് പരുക്കേറ്റത്. ഫിസിയോ എത്തി പ്രാഥമിക പരിശോധന നടത്തിയതിനു പിന്നാലെ ക്യാപ്റ്റന്‍ റിട്ടയേഡ് ഔട്ടായി മൈതാനം വിട്ടു. പിന്നീട് ബാറ്റിങ്ങിന് തിരിച്ചെത്തിയില്ല.

ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ നിയന്ത്രിച്ചത്. ഇന്നലെ അവസാന സെഷനില്‍ ബോളിങ്ങിലും ഫീല്‍ഡിങ്ങിലും നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയ ഋഷഭ് പന്ത്, ക്യാപ്റ്റന്‍സിയില്‍ തിളങ്ങി. 91 റണ്‍സെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയുടെ ഏഴു വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യയ്ക്കു സാധിച്ചു.