/kalakaumudi/media/media_files/2025/12/09/gill-2025-12-09-19-50-18.jpg)
കട്ടക്ക്: പരുക്കു മാറി ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തിയ ആദ്യ മത്സരത്തില്‍ തിളങ്ങാനാകാതെ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. മത്സരത്തില്‍ രണ്ടു പന്തുകള്‍ നേരിട്ട ഗില്‍ നാലു റണ്‍സെടുത്താണു പുറത്തായത്. ലുങ്കി എന്‍ഗിഡിയുടെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ അനായാസമായൊരു ക്യാച്ചെടുത്ത് മാര്‍കോ യാന്‍സനാണു ഗില്ലിനെ മടക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് ഗില്ലിനു കഴുത്തിനു പരുക്കേറ്റത്.
ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നഷ്ടമായ ഗില്‍, ബിസിസിഐ 'സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ' പ്രത്യേക അനുമതിയോടെയാണ് ട്വന്റി20 കളിക്കാനെത്തിയത്. എന്നാല്‍ ആദ്യ പോരാട്ടത്തില്‍ നിരാശയോടെ മടങ്ങേണ്ടിവന്നു. ട്വന്റി20 ടീമില്‍ ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായെത്തിയതോടെ, സഞ്ജു സാംസണിന്റെ ഓപ്പണര്‍ സ്ഥാനം നേരത്തേ നഷ്ടമായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലും ഓപ്പണറായി ഇറങ്ങിയ ഗില്ലിന് വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ട്വന്റി20 ലോകകപ്പ് അടുത്തിരിക്കെ ഗില്ലിന് ഫോം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അതു ബിസിസിഐയ്ക്കും തലവേദനയാകും. ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി എത്തിയതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20യില്‍ സഞ്ജുവിന് സ്ഥാനം ലഭിച്ചിരുന്നില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
