/kalakaumudi/media/media_files/2026/02/17/smrithi-new-2026-02-17-23-44-00.jpg)
ലണ്ടന്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സ്മൃതി മന്ദാനയ്ക്ക് മറ്റൊരു വലിയ അംഗീകാരം കൂടി തേടിയെത്തി. 2025-ലെ ബിബിസി ഇന്ത്യന്‍ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍ (കടണഛഠഥ) പുരസ്‌കാരത്തിനാണ് സ്മൃതി അര്‍ഹയായത്.
ഇന്ത്യയുടെ ചരിത്രപരമായ ലോകകപ്പ് വിജയത്തിലും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ രണ്ടാം തവണയും ഡബ്ല്യുപിഎല്‍ കിരീടത്തിലേക്ക് നയിച്ചതിലും വഹിച്ച നിര്‍ണ്ണായക പങ്കാണ് താരത്തെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
2025-ലെ ഐസിസി വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന സ്മൃതി, ടൂര്‍ണമെന്റിലുടനീളം 434 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയുടെ കിരീടധാരണത്തില്‍ പ്രധാന പങ്കുവഹിച്ചു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ചെസ്സ് താരം ദിവ്യ ദേശ്മുഖ്, ഷൂട്ടര്‍ സുരുചി സിംഗ്, തടസ്സയോട്ട താരം ജ്യോതി യര്‍രാജി എന്നിവരെ പിന്നിലാക്കിയാണ് 29-കാരിയായ സ്മൃതി ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള സ്മൃതി വീഡിയോ സന്ദേശത്തിലൂടെയാണ് പുരസ്‌കാരത്തിന് നന്ദി അറിയിച്ചത്.
തന്റെ കരിയറിലെ ഏറ്റവും സവിശേഷമായ വര്‍ഷമായിരുന്നു 2025 എന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സ്മൃതി പറഞ്ഞു. ലോകകപ്പ് വിജയം ഏതൊരു താരത്തിന്റെയും സ്വപ്നമാണെന്നും അതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 17 സെഞ്ച്വറികള്‍ സ്മൃതി നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഇതിഹാസം മെഗ് ലാനിംഗിനൊപ്പം ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് പങ്കിടുകയാണ് സ്മൃതി ഇപ്പോള്‍. കൂടാതെ, ഡബ്ല്യുപിഎല്‍ 2026 ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 87 റണ്‍സ് നേടി ആര്‍സിബിയെ കിരീടത്തിലേക്ക് നയിച്ചതും സ്മൃതിയുടെ മികവിലായിരുന്നു.
ചെസ്സ് രംഗത്തെ വിസ്മയമായ 20-കാരി ദിവ്യ ദേശ്മുഖ് 'എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം നേടി. ഫിഡെ വനിതാ ലോകകപ്പ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ദിവ്യ. പാരീസ് പാരാലിമ്പിക്‌സില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയ അത്ലറ്റ് പ്രീതി പാല്‍ 'പാരാ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദി ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഷൂട്ടിംഗ് താരം അഞ്ജലി ഭാഗവതിനെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. ഒളിമ്പിക് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടറാണ് അഞ്ജലി.
ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ്, പാരാലിമ്പിക് താരം ദീപ മാലിക്, ലോങ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ് എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെയും ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു. ഇന്ത്യന്‍ കായിക രംഗത്തെ സ്ത്രീശക്തിയുടെ ആഘോഷമായി മാറിയ ഈ ചടങ്ങ് നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
