/kalakaumudi/media/media_files/2025/12/08/jammema-2025-12-08-15-45-17.jpg)
മുംബൈ: ദിവസങ്ങളോളം നീണ്ടുനിന്ന ഊഹാപോഹങ്ങള്‍ക്കും കിംവദന്തികള്‍ക്കും ശേഷം ഇന്നലെയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥന, സംഗീത സംവിധായകന്‍ പലാശ് മുച്ഛലുമായുള്ള വിവാഹം ഔദ്യോഗികമായി റദ്ദാക്കിയത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹത്തില്‍നിന്നു പിന്മാറുന്നതായി ഇരുവരും അറിയിച്ചത്. കഴിഞ്ഞ മാസം 23 നു നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ അച്ഛന്റെ അനാരോഗ്യം മൂലം മാറ്റിവച്ചിരുന്നു.
ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം ആശുപത്രി വിട്ടെങ്കിലും വിവാഹം എന്നു നടക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പലാശിനെതിരെ അപവാദപ്രചാരണം വ്യാപകമായിരുന്നു. സ്വകാര്യതയെ മാനിക്കണമെന്നും ജീവിതത്തില്‍ മുന്നോട്ടു പോകുവാന്‍ ശ്രമിക്കുകയാണെന്നും എല്ലാവരും സഹകരിക്കണമെന്നും സ്മൃതി അഭ്യര്‍ഥിച്ചു. അപവാദ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പലാശും വ്യക്തമാക്കി.
വിവാഹം റദ്ദാക്കിയെന്നു പ്രഖ്യാപിച്ചെങ്കിലും അതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. പലാശിന്റേതെന്ന പേരില്‍ പ്രചരിച്ച ചാറ്റുകള്‍ പുറത്തുവന്നതു തന്നെയാണ് കാരണമെന്നാണ് അനുമാനം. ഇപ്പോഴിതാ, സ്മൃതിയുടെ അടുത്ത സുഹൃത്തും ഇന്ത്യന്‍ ടീമില്‍ സഹതാരവുമായ ജമീമ റോഡ്രിഗസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു സ്റ്റോറിയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. ഒരുകൂട്ടം യുവഗായകര്‍ ചേര്‍ന്ന് ഒലിവിയ ഡീനിന്റെ ഹിറ്റ് ഗാനമായ 'മാന്‍ ഐ നീഡ്' എന്ന ഗാനം ആലപിക്കുന്ന വിഡിയോയാണ് ജമീമ പങ്കുവച്ചത്. എന്നാല്‍ ഗാനത്തിന്റെ വരികള്‍ ആരാധകര്‍ക്കിടയില്‍ പെട്ടെന്നു തന്നെ ചര്‍ച്ചയായി. ''നഷ്ടപ്പെട്ട സമയത്തിന് ഞങ്ങള്‍ പരിഹാരം കാണുന്നതായി തോന്നുന്നു'' തുടങ്ങിയ വൈകാരിക വരികളാണ് ഗാനത്തിലുള്ളത്.
സ്മൃതിക്ക് പരോക്ഷ പിന്തുണയായിട്ടാണ് ഈ സ്റ്റോറി പങ്കുവച്ചതെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം. മാത്രമല്ല, പലാശ് മുച്ഛലിനെ ജമീമ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. സ്മൃതിയുടെ പലാശും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരുന്നു. നേരത്തെ, സ്മൃതിയുടെ വിവാഹം മാറ്റിവച്ചതിനു പിന്നാലെ താരത്തിനൊപ്പം നില്‍ക്കുന്നതിനായി വനിതാ ബിഗ് ബാഷ് ലീഗില്‍നിന്നു ജമീമ പിന്മാറിയിരുന്നു. താരത്തിന്റെ ഈ നടപടിയെ ഒട്ടേറെ പേര്‍ പ്രശംസിക്കുകയും ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
