/kalakaumudi/media/media_files/2026/03/04/new-5-2026-03-04-22-34-38.jpg)
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലില്‍ കടന്ന് ന്യൂസീലന്‍ഡ്. സെമി ഫൈനല്‍ വരെ തോല്‍വിയറിയാതെ കുതിച്ച ദക്ഷിണാഫ്രിക്കയെയാണ് ന്യൂസീലന്‍ഡ് ഒരു സാധ്യതയും അനുവദിക്കാതെ തച്ചുതകര്‍ത്തത്.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സെമി പോരാട്ടത്തില്‍ ഒന്‍പതു വിക്കറ്റ് വിജയമാണ് ന്യൂസീലന്‍ഡ് സ്വന്തമാക്കിയത്. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയ റണ്‍സ് കുറിച്ചു. 33 പന്തുകള്‍ നേരിട്ട കിവീസ് ബാറ്റര്‍ ഫിന്‍ അലന്‍ എട്ട് സിക്‌സും പത്തു ഫോറുകളും ഉള്‍പ്പടെ 100 റണ്‍സുമായി പുറത്താകാതെനിന്നു.
ഓപ്പണര്‍ ടിം സീഫര്‍ട്ട് അര്‍ധ സെഞ്ചറി നേടി പുറത്തായി. 33 പന്തുകള്‍ നേരിട്ട സീഫര്‍ട്ട് 58 റണ്‍സെടുത്തു. വണ്‍ഡൗണായിറങ്ങിയ രചിന്‍ രവീന്ദ്ര 13 റണ്‍സെടുത്തും പുറത്താകാതെനിന്നു. മറുപടി ബാറ്റിങ്ങിന്റെ ആദ്യ പന്തു മുതല്‍ ബാറ്റിങ്ങില്‍ കിവീസിന്റെ ആധിപത്യം പ്രകടമായിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റുപോകാതെ 84 റണ്‍സാണ് ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.
ഓപ്പണിങ് വിക്കറ്റില്‍ 117 റണ്‍സടിച്ച ന്യൂസീലന്‍ഡിന് ടിം സീഫര്‍ട്ടിന്റെ വിക്കറ്റു നഷ്ടമായെങ്കിലും അനായാസം വിജയം കാണുകയായിരുന്നു. മാര്‍ച്ച് എട്ടിനു നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ കിവീസ് നേരിടും. വ്യാഴാഴ്ചയാണ് ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സടിച്ചു. വാലറ്റത്ത് അര്‍ധ സെഞ്ചറി നേടിയ മാര്‍കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 30 പന്തുകള്‍ നേരിട്ട യാന്‍സന്‍ അഞ്ച് സിക്‌സും രണ്ട് ഫോറുകളുമുള്‍പ്പടെ 55 റണ്‍സെടുത്തു പുറത്താകാതെനിന്നു. 77 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്കയെ കരകയറ്റിയത് യാന്‍സന്റെ ബാറ്റിങ് മികവാണ്.
24 പന്തില്‍ 29 റണ്‍സുമായി ട്രിസ്റ്റന്‍ സ്റ്റബ്‌സും യാന്‍സനെ പിന്തുണച്ചതോടെ ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോറിലേക്കെത്തി. ടോപ് ഓര്‍ഡറില്‍ 27 പന്തില്‍ 34 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസും തിളങ്ങി. ബാറ്റിങ് പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സാണു ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ക്വിന്റന്‍ ഡികോക്കിനെയും (10), റയാന്‍ റിക്കിള്‍ട്ടനെയുമാണ് (പൂജ്യം) ദക്ഷിണാഫ്രിക്കയ്ക്കു തുടക്കത്തില്‍ തന്നെ നഷ്ടമായത്.
സ്‌കോര്‍ 55 ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ മാര്‍ക്രത്തെയും (18), 77 ല്‍ നില്‍ക്കെ ഡേവിഡ് മില്ലര്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെയും നഷ്ടമായതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. തുടര്‍ന്നായിരുന്നു യാന്‍സന്‍ രക്ഷകനായി അവതരിച്ചത്. ന്യൂസീലന്‍ഡിനായി മാറ്റ് ഹെന്റി, കോള്‍ മകന്‍ചി, രചിന്‍ രവീന്ദ്ര എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലോക്കി ഫെര്‍ഗൂസനും ജെയിംസ് നീഷമിനും ഓരോ വിക്കറ്റുകള്‍ വീതവുമുണ്ട്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
