മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണുമായുള്ള അഭിമുഖത്തിനിടെ മലയാളം പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ്. ഡിവില്ലിയേഴ്‌സിന്റെ യുട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലാണ് 'എടാ മോനെ, സൂപ്പറല്ലേ' എന്ന് ഡിവില്ലിയേഴ്‌സ് സഞ്ജുവിനോടു ചോദിക്കുന്നത്. മാതൃഭാഷ മലയാളമാണെന്ന് സഞ്ജു പറഞ്ഞപ്പോഴായിരുന്നു ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു സെഞ്ചറി നേടിയപ്പോള്‍ വലിയ സന്തോഷമാണ് ഉണ്ടായതെന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം വിഡിയോയില്‍ പ്രതികരിച്ചു.
കരിയറില്‍ പെട്ടെന്നു മാറ്റമുണ്ടായെങ്കിലും അതിനായി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെന്ന് സഞ്ജു പറഞ്ഞു. ''എന്റെ ഭാഗത്തുനിന്ന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെന്നതാണു സത്യം. പരിശീലന സമയമൊന്നും കൂട്ടിയിട്ടില്ല. മുന്‍പ് ചെയ്ത അത്രയും സമയം ഇപ്പോഴും പരിശീലിക്കുന്നുണ്ട്. എന്തു മാറ്റമാണു കൊണ്ടുവന്നതെന്നാണു ഞാനും ഇപ്പോള്‍ ചിന്തിക്കുന്നത്' സഞ്ജു പറഞ്ഞു.