ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനുമായുള്ള (ഐഒഎ) തര്‍ക്കത്തെ തുടര്‍ന്ന് ഏഷ്യന്‍ വിന്റര്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ എണ്ണം പകുതിയാക്കി വെട്ടിച്ചുരുക്കി കായിക മന്ത്രാലയം. മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷ കത്തയച്ചതിന് തുടര്‍ച്ചയായിട്ടാണ് ഈ നടപടി.
കായിക മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ച 76 താരങ്ങളുടെ വിന്റര്‍ ഗെയിംസ് പട്ടികയില്‍ നിന്ന് 35 പേരെയാണ് ഒഴിവാക്കിയത്. വ്യക്തിഗത മത്സരങ്ങളില്‍ ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ 6 സ്ഥാനങ്ങളിലുള്ളവരെയും ടീം ഇനങ്ങളില്‍ ആദ്യ എട്ട് സ്ഥാനക്കാരെയും മാത്രം സര്‍ക്കാര്‍ ചെലവില്‍ ഗെയിംസിന് അയച്ചാല്‍ മതിയെന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് കായിക മന്ത്രാലയം പേര് വെട്ടിയത്.
കായിക ഫെഡറേഷനുകളില്‍ കായിക മന്ത്രാലയം അനാവശ്യമായി ഇടപെടുന്നതായി ആരോപിച്ച് പി.ടി.ഉഷ കത്തെഴുതിയത് അടക്കം ഐഒഎയും കായിക മന്ത്രാലയവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.