കൊടുങ്കാറ്റായി സ്റ്റാര്‍ക്ക്; ഓസീസിന് മേല്‍ക്കൈ

അഡ്‌ലെയ്ഡ് ഓവലിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിനു പുറത്താക്കിയ ഓസീസ്, ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്.

author-image
Prana
New Update
starc

ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കുമേല്‍ തീമഴയായി പെയ്തിറങ്ങിയപ്പോള്‍ ആസ്‌ട്രേലിയക്കു മേല്‍ക്കൈ. അഡ്‌ലെയ്ഡ് ഓവലിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിനു പുറത്താക്കിയ ഓസീസ്, ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സുമായി നഥാന്‍ മക്‌സ്വീനിയും 20 റണ്‍സുമായി മാര്‍നസ് ലാബുഷെയ്‌നുമാണ് ക്രീസില്‍. 
13 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ ജസ്പ്രീത് ബുംറ മടക്കി. 
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസിനും സ്വിങ്ങിനും മറുപടിയില്ലാതെ 180 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്നിംഗ്‌സിലെ ആദയ പന്തില്‍ തന്നെ യശസ്വി ജയ്‌സ്വാളിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് തുട1ങ്ങിയത്. ഇന്ത്യന്‍ നിരയില്‍ 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍.
രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍-ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ 69 റണ്‍സ് വരെയെത്തിച്ചു. എന്നാല്‍ ലഞ്ചിനു തൊട്ടുമുന്‍പ് സെക്കന്റ് സ്‌പെല്ലിനായി എത്തിയ സ്റ്റാര്‍ക്ക് 37 റണ്‍സെടുത്ത രാഹുലിനെ മടക്കി ഇന്ത്യയുടെ തകര്‍ച്ചയ്ക്കു തുടക്കമിട്ടു. വിരാട് കോഹ്‌ലി (7)യെ കൂടി സ്റ്റാര്‍ക്ക് മടക്കിയതോടെ ഇന്ത്യ വിരണ്ടു. ലഞ്ചിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3)യെയും 31 റണ്‍സെടുത്ത് ഭേദപ്പെട്ട ഇന്നിങ്‌സിന്റെ സൂചന നല്‍കിയ ഗില്ലിനെയും സ്‌കോട്ട് ബോളണ്ട് മടക്കി. 21 റണ്‍സെടുത്ത ഋഷഭ് പന്തും 22 റണ്‍സെടുത്ത ആര്‍. അശ്വിനും മാത്രമാണ് ഇടയ്ക്ക് പിടിച്ചുനിന്നത്. ഇവരെ കൂട്ടുപിടിച്ചാണ് നിതീഷ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. ഓസീസിനായി പാറ്റ് കമ്മിന്‍സും ബോളണ്ടും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

cricket test mitchell starc india vs australia