സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം

മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം.വിജയനും മന്ത്രി വി.ശിവന്‍കുട്ടിയും ചേര്‍ന്ന് ദീപശിഖ തെളിയിച്ചു

author-image
Biju
New Update
school

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയെന്ന കായിക വിപ്ലവത്തിന് അനന്തപുരിയുടെ മണ്ണില്‍ കൊടിയേറി. ലഹരിക്കെതിരെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കമായത്.

ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം.വിജയനും മന്ത്രി വി.ശിവന്‍കുട്ടിയും ചേര്‍ന്ന് ദീപശിഖ തെളിയിച്ചു.

ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും. മേളയില്‍ ഇന്‍ക്ലൂസീവ് സ്പോര്‍ട്സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെണ്‍കുട്ടികള്‍ കൂടി ഈ സംഘത്തില്‍ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.

ആയിരത്തോളം ഒഫീഷ്യല്‍സും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നു. സ്‌കൂള്‍ കായിക മേള ചരിത്രത്തില്‍ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വ്വഹിച്ച തീം സോംഗാണ് ഇത്തവണത്തേത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വര്‍ണ്ണക്കപ്പാണ് ഇത്തവണ നല്‍കുന്നത്.