/kalakaumudi/media/media_files/2025/07/30/subroto-cup-2025-07-30-19-17-44.jpg)
തിരുവനന്തപുരം:സുബ്രതോ കപ്പ് ഫുട്ബാള്‍ നടത്താന്‍ തീരുമാനം. സംസ്ഥാന തല മത്സരം ഓഗസ്റ്റ് 4 മുതല്‍ 6 വരെ പാലക്കാട് നടക്കും. നേരത്തെ കായിക അധ്യാപകര്‍ സുബ്രതോ കപ്പിന്റെ സംഘാടനം ഏറ്റെടുക്കാത്തത് വിവാദമായിരുന്നു. പിന്നാലെ മത്സരം മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു താരങ്ങള്‍.
കായിക അധ്യാപകര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധത്തിലായതിനാലാണ് സംഘാടനത്തിന് ആളില്ലാതായത്. ജൂലൈ 21ന് ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 25 വരെ ദില്ലിയിലാണ് 64-ാമത് സുബ്രതോ കപ്പിന്റെ ദേശീയ ടൂര്‍ണമെന്റ്. ജൂലൈ 31ന് മുമ്പ് സംസ്ഥാന ചാമ്പ്യന്‍ ടീമിന്റെ വിവരങ്ങള്‍ കൈമാറണം. അതിനായി ജൂണ്‍ 30നകം തന്നെ ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
കായിക അധ്യാപകരുടെ സമരം കാരണം അത് നടപ്പിലായില്ല. പിന്നാലെ തീയതി പുതുക്കി അറിയിപ്പെത്തി. ജൂലൈ 16ന് മുമ്പെ ഉപജില്ലാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. ജൂലൈ 21ന് അകം ജില്ലാ ചാമ്പ്യന്‍മാരുടെ പേരുകള്‍ നല്‍കണം. എന്നാല്‍ ഇതൊന്നുമുണ്ടായില്ല. പല വിദ്യാര്‍ത്ഥികള്‍ക്കും ഇത് അവസാന അവസരമാണെന്നതിനാല്‍ അവസരം നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇക്കാര്യം പിന്നീട് പൊതുവിദ്യാഭ്യാസ വകുപ്പ് ഇടപെട്ടാണ് മത്സരങ്ങള്‍ ഓഗസ്റ്റില്‍ നടത്താന്‍ തീരുമാനിച്ചത്.