Sukhjeet Singh
പാരീസ് : ഇത്തവണത്തെ ഒളിംപിക്‌സ് അരങ്ങേറ്റത്തിനായി ഒരുങ്ങി ഇന്ത്യന്‍ ഹോക്കി താരം സുഖ്ജീത് സിങ്. ജീവിതത്തിലെ കയ്പ്പ് നിറഞ്ഞ അനുഭവങ്ങളില്‍ നിന്ന് സ്വപ്‌നത്തിലേക്കുള്ള തിരിച്ചുവരവിനാണ് താരം ഒരുങ്ങുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടിയ താരമാണ് സുഖ്ജീത്.
28 വയസുള്ള താരത്തിന്റെ നീണ്ട ആറു വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവാണിത്. 2018ല്‍ താരത്തിനേറ്റ പരിക്ക് മൂലം വലത് കാലിന്റെ ചലന ശേഷി താല്‍ക്കാലികമായി നഷ്ടപ്പെട്ടിരുന്നു. ധാരാളം അവസരങ്ങള്‍ താരത്തിനെ തേടി എത്തിയെങ്കിലും പരിക്ക് മൂലം എല്ലാം ഒഴിവാക്കുകയായിരുന്നു. എന്നാല്‍, മനസില്‍ ഉറപ്പിച്ച നിശ്ചയദാര്‍ഢ്യത്തോടെ താരം തന്റെ സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ഉണര്‍വ് നല്‍കി. പരിക്കില്‍ നിന്ന് മുക്തി നേടിയതിന് ശേഷം താരം എഫ്‌ഐഎച്ച് പ്രോ ലീഗില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയ്ക്കായി 70 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന ഹോക്കി ലോകകപ്പ് മത്സരത്തിലും താരം മൂന്ന് ഗോളുകള്‍ നേടിയിരുന്നു.