ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി വിരമിക്കൽ പിൻവലിച്ച് വീണ്ടും ഇന്ത്യക്കായി ബൂട്ട് കെട്ടും. ഇന്ത്യൻ ഫുട്ബോൾ ടീം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഛേത്രിയുടെ തിരിച്ചുവരവ് അറിയിച്ചത്. കഴിഞ്ഞ വർഷം ആയിരുന്നു സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുമുള്ള വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ജൂണിൽ കുവൈത്തിനെതിരെ നടന്ന മത്സരത്തിലാണ് ഛേത്രി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഈ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. 2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ ബംഗ്ലാദേശ്, ചൈന, സിംഗപ്പൂർ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യ ഇനി കളിക്കുക. ഈ മാസം 19ന് മാലിദ്വീപിനെതിരെ സൗഹൃദ മത്സരവും ഇന്ത്യക്ക് മുമ്പിലുണ്ട്. ഇതിനുശേഷം 2027ൽ നടക്കുന്ന എഎഫ്സി ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും. ഛേത്രിയുടെ മടങ്ങിവരവ് ഇന്ത്യക്ക് കൂടുതൽ ആത്മവിശ്വാസമായിരിക്കും നൽകുക. ഇന്ത്യൻ ഫുട്ബോളിൽ വലിയ സ്വാധീനം ചെലുത്തിയ താരമാണ് സുനിൽ ഛേത്രി. 2005ൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു ഛേത്രി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. തന്നെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ ഛേത്രിക്ക് സാധിച്ചിരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യൻ ടീമിനൊപ്പം ഒരു ഐതിഹാസികമായ ഫുട്ബോൾ യാത്രക്കാണ് ഛേത്രി നടത്തിയത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് ഛേത്രി. ഇന്ത്യയ്ക്കായി 151 മത്സരങ്ങളിൽ നിന്നും 94 ഗോളുകളാണ് ചേത്രി അടിച്ചു കൂട്ടിയിട്ടുള്ളത്. ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും ഛേത്രി തന്നെയാണ്.