ബെംഗളൂരു : ക്രിക്കറ്റ് മത്സരം ടൈ ആയാല്‍ സൂപ്പര്‍ ഓവറുകളിലേക്ക് നീളാറുണ്ട്. സൂപ്പര്‍ ഓവറിലാണ് മത്സരത്തിലെ വിജയിയെ തീരുമാനിക്കുക. കഴിഞ്ഞ ദിവസം മഹാരാജ ടി20 ട്രോഫിയിലും ഒരു സൂപ്പര്‍ ഓവര്‍ പോരാട്ടം നടന്നു. ഒരു മത്സരത്തില്‍ കര്‍ണാടകയിലെ മഹാരാജ ട്വന്റി20 ട്രോഫിയില്‍ വിജയിയെ തീരുമാനിക്കാന്‍ ഒരു മത്സരത്തില്‍ ആവശ്യമായിവന്നത് മൂന്ന് സൂപ്പര്‍ ഓവറുകള്‍. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരത്തില്‍ മൂന്ന് സൂപ്പര്‍ ഓവറുകള്‍ ഉപയോഗിക്കുന്നത്. മഹാരാജ ട്രോഫിയില്‍ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സും ഹൂബ്ലി ടൈഗേഴ്‌സും തമ്മിലുള്ള പോരാട്ടമാണ് മൂന്നു സൂപ്പര്‍ ഓവറുകള്‍ വരെ നീണ്ടുപോയത്. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഹൂബ്ലി ടൈഗേഴ്‌സ് 20 ഓവറില്‍ 164 റണ്‍സാണു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരുവും 164 റണ്‍സെടുത്തു.
ഇതോടെ മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്കു പോയി. ബെംഗളൂരു ക്യാപ്റ്റന്‍ മയങ്ക് അഗര്‍വാള്‍ ആദ്യ പന്തില്‍ പുറത്തായെങ്കിലും, ഈ ഓവറില്‍ 10 റണ്‍സ് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് നേടി. ഹൂബ്ലി ടൈഗേഴ്‌സിന്റെ മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ സിക്‌സ് അടിച്ച് സ്‌കോര്‍ 10 റണ്‍സില്‍ എത്തിച്ചു. കളി രണ്ടാം സൂപ്പര്‍ ഓവറിലേക്കു നീണ്ടു. രണ്ടു ടീമുകളും എട്ട് റണ്‍സ് വീതം നേടിയതോടെ മൂന്നാം സൂപ്പര്‍ ഓവര്‍ ആരംഭിച്ചു. മൂന്നാം ഓവറില്‍ ബെംഗളൂരു ഉയര്‍ത്തിയ 13 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ഹൂബ്ലി ടൈഗേഴ്‌സ് എത്തി. മന്‍വന്ത് കുമാറിന്റെ രണ്ടു ബൗണ്ടറികളാണ് ടൈഗേഴ്‌സിനു തുണയായത്. ടൂര്‍ണമെന്റിലെ ആറു മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഹൂബ്ലി ടൈഗേഴ്‌സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നാലു വിജയങ്ങളില്‍നിന്ന് എട്ടു പോയിന്റുള്ള ബെംഗളൂരു മൂന്നാമതാണ്.