സൂപ്പര്‍ കപ്പില്‍ രാജസ്ഥാനെതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ബാംബോളിമിലെ ജി എം സി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് വൈകുന്നേരം 4:30 നാണ് മത്സരം. ഇരു ടീമുകളും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്

author-image
Biju
New Update
blasters

ഫറ്റോര്‍ഡ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ കപ്പ് 2025 പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കും. ഗ്രൂപ്പ് ഡി-യിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്‌സിയാണ് എതിരാളികള്‍. ബാംബോളിമിലെ ജി എം സി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് വൈകുന്നേരം 4:30 നാണ് മത്സരം. ഇരു ടീമുകളും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്, ടൂര്‍ണമെന്റില്‍ വിജയകരമായ തുടക്കം തേടുന്ന ഇരു ടീമുകള്‍ക്കും ഈ മത്സരം നിര്‍ണ്ണായകമാണ്. പുതിയ വിദേശ സൈനിംഗുകളും ഇന്ത്യന്‍ യുവതാരങ്ങളും ഉള്‍പ്പെട്ട പരിഷ്‌കരിച്ച സ്‌ക്വാഡുമായാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയില്‍ എത്തിയിരിക്കുന്നത്.

മുഖ്യ പരിശീലകന്‍ ഡേവിഡ് കാറ്റലയുടെ നേതൃത്വത്തില്‍, ആത്മവിശ്വാസത്തോടെ മൂന്ന് പോയിന്റ് നേടാനാണ് ടീം ലക്ഷ്യമിടുന്നത്. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പരിശീലകന്‍ ഡേവിഡ് കാറ്റല, ടീമിന്റെ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിച്ചു. ''ടീം സജ്ജമാണ്, കളിക്കാര്‍ നന്നായി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. ആദ്യ മത്സരങ്ങള്‍ എളുപ്പമാകില്ല. രാജസ്ഥാന്‍ യുണൈറ്റഡ് പ്രതിരോധത്തില്‍ കെട്ടുറപ്പുള്ളവരാണ്, അത് ശ്രദ്ധിക്കണം. ഞങ്ങളുടെ പ്രകടനം നൂറ് ശതമാനമായാല്‍ വിജയം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.'' അദ്ദേഹം പറഞ്ഞു.

നായകന്‍ അഡ്രിയാന്‍ ലൂണയുടെ വാക്കുകളിങ്ങനെ... ''ഈ ടൂര്‍ണമെന്റില്‍ തുടക്കത്തില്‍ത്തന്നെ മൂന്ന് പോയിന്റുകള്‍ നേടുക എന്നതാണ് ലക്ഷ്യം. കളിക്കളത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ആക്രമണ ഫുട്ബോള്‍ കളിക്കാനാണ് ശ്രമം. ടീമിലുള്ള വിശ്വാസവും വിജയിക്കാനുള്ള മനോഭാവവും പ്രധാനമാണ്.'' ലൂണ കൂട്ടിച്ചേര്‍ത്തു.

ഗ്രൂപ്പ് ഡിയില്‍ എസ് സി ഡല്‍ഹി, മുംബൈ സിറ്റി എഫ്‌സി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് എതിരാളികള്‍. പുതിയ ലക്ഷ്യങ്ങളോടും ശക്തമായ പോരാട്ടവീര്യത്തോടും കൂടി കളത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്ക് ഗോവയില്‍ മികച്ച തുടക്കം കഴിയുമെന്ന പ്രതീക്ഷയിലാണ്.