/kalakaumudi/media/media_files/2024/12/03/LLsTgvDMKsuN45o9d0cs.jpg)
മുഷ്താഖ് അലി ട്രോഫിയില്‍ നിര്‍ണായക മത്സരത്തില്‍ സര്‍വീസസിനെതിരേ കരുത്തരായ മുംബൈക്ക് 39 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. സൂര്യകുമാര്‍ യാദവിന്റെയും ശിവം ദുബെയുടെയും വെടിക്കെട്ട് അര്‍ധ ശതകങ്ങളുടെ കരുത്തിലാണ് മുംബൈ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ സര്‍വീസസ് 19.3 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടായി.
സൂര്യകുമാര്‍ യാദവ് 46 പന്തില്‍ ഏഴ് സിക്‌സറുകളും നാലു ഫോറുകളും സഹിതം 70 റണ്‍സടിച്ചപ്പോള്‍ ശിവം ദുബെ 37 പന്തില്‍ രണ്ട് ഫോറുകളും ഏഴ് സിക്‌സറുകളും പറത്തി 71 റണ്‍സുമായി പുറത്താകാതെ നിന്നു. പൃഥ്വി ഷാ വീണ്ടും പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തി. മുംബൈക്കായി ഷാര്‍ദ്ദുല്‍ താക്കൂര്‍ 25 റണ്‍സിന് നാല് വിക്കറ്റെടുത്തപ്പോള്‍ ഷംസ് മുലാനി 40 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കിയ മുംബൈ നെറ്റ് റണ്‍ റേറ്റില്‍ കേരളത്തെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ന് ആന്ധ്രപ്രദേശിനോട് തോറ്റതാണ് കേരളത്തിന് തിരിച്ചടിയായത്. നിലവില്‍ മുംബൈക്ക് +1.330 റണ്‍ റേറ്റും കേരളത്തിന് +0.850 റണ്‍ റേറ്റുമാണ് ഉള്ളത്. മുംബൈക്ക് ഇനി നടക്കുന്ന അവസാന മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രയാണ് എതിരാളികള്‍. അവസാന മത്സരത്തില്‍ ആന്ധ്രയെ തോല്‍പിക്കുകയോ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരിക്കുകയോ ചെയ്താല്‍ കേരളത്തെ മറികടന്ന് മുംബൈക്ക് ക്വാര്‍ട്ടറിലെത്താം.