ദുലീപ് ട്രോഫി: സൂര്യ പുറത്തേക്ക്! പകരം സഞ്ജുവോ? പ്രതീക്ഷയോടെ ആരാധകർ

360 ബാറ്ററും ഇന്ത്യൻ ടി20 ക്യാപ്റ്റനുമായ സൂര്യകുമാർ യാദവിനേറ്റ പരിക്കാണ് സഞ്ജുവിനു നേട്ടമായത്. ബുച്ചി ബാബു റെഡ് ബോൾ ടൂർണമെന്റിൽ മുംബൈയ്ക്കായി കളിക്കവെയാണ് ഫീൽഡിങിനിടെ അദ്ദേഹത്തിന്റെ കൈയ്ക്കു പരിക്കേറ്റത്.

author-image
Greeshma Rakesh
New Update
suryakumar-yadav-doubtfull-for-duleep-trophy-after-injury-in-buchi-babu-will-sanju-samson-get-call-to-team

suryakumar yadav doubtfull for duleep trophy after injury in buchi babu

Listen to this article
0.75x 1x 1.5x
00:00 / 00:00

സെപ്തംബറിൽ നടക്കാനിരിക്കുന്ന ദുലീപ് ട്രോഫിയിൽ സഞ്ജു സാംസണെ കാണാൻ സാധിക്കില്ലെന്ന് നിരാശയിലായിരുന്നു ആരാധകർ.എന്നാൽ അദ്ദേഹത്തിനു ടീമിലേക്കു അപ്രതീക്ഷിത വിളിയെത്തിയേക്കുമെന്ന സൂചനയാണിപ്പോൾ പുറത്തുവരുന്നത്. 360 ബാറ്ററും ഇന്ത്യൻ ടി20 ക്യാപ്റ്റനുമായ സൂര്യകുമാർ യാദവിനേറ്റ പരിക്കാണ് സഞ്ജുവിനു നേട്ടമായത്. ബുച്ചി ബാബു റെഡ് ബോൾ ടൂർണമെന്റിൽ മുംബൈയ്ക്കായി കളിക്കവെയാണ് ഫീൽഡിങിനിടെ അദ്ദേഹത്തിന്റെ കൈയ്ക്കു പരിക്കേറ്റത്.

ഈ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. എന്നാൽ പരിക്ക് സാരമുള്ളതാണെങ്കിൽ അടുത്ത മാസം അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയിൽ സൂര്യ കളിക്കാനിടയില്ല. ടൂർണമെന്റിൽ നിന്നും അദ്ദേഹം മാറിനിൽക്കാൻ തന്നെയാണ് സാധ്യത. അങ്ങനെ വന്നാൽ പകരക്കാരനെയും വൈകാതെ പ്രഖ്യാപിച്ചേക്കും. സ്‌കൈയ്ക്കു പകരം സഞ്ജുവിനു നറുക്കുവീഴാനുള്ള സാധ്യതയും കൂടുതലാണ്.

സൂര്യക്കു പകരം ദുലീപ് ട്രോഫി ടീമിലേക്കു വിളിയെത്തിയാൽ അതു സഞ്ജുവിനെ സംബന്ധിച്ച് സെലക്ടർമാരുടെ ശ്രദ്ധയാകർഷിക്കാനുള്ള സുവർണാവസരം കൂടിയായിരിക്കും. കാരണം അടുത്ത മാസം പകുതിയോടെ ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാുവകയാണ്. ഇവയ്ക്കുള്ള ഇന്ത്യൻ ടീമിനെ ദുലീപ് ട്രോഫിയിലെ പ്രകടനം കൂടി വിലയിരുത്തിയാവും തിരഞ്ഞെടുക്കുക.ദുലീപ് ട്രോഫിയിൽ വലിയൊരു ഇന്നിങ്‌സ് കളിക്കാനായാൽ അതു സഞ്ജുവിനു ഗുണം ചെയ്യും.

ടെസ്റ്റിലും ഇന്ത്യക്കായി അരങ്ങേറുകയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാർഥ്യമാക്കാനും ഇതു സഹായിക്കും. വൈറ്റ് ബോൾ ക്രിക്കറ്റിൽ മാത്രം കളിക്കുകയല്ല ലക്ഷ്യമെന്നും ടെസ്റ്റിലും കളിക്കാൻ ആഗ്രഹമുണ്ടെന്നും അടുത്തിടെ സഞ്ജു തുറന്നു പറഞ്ഞിരുന്നു.നിലവിൽ ഭാര്യ ചാരുലതയ്‌ക്കൊപ്പം വിദേശത്തു അവധിക്കാലം ആഘോഷിക്കുകയാണ് സഞ്ജു. അടുത്തിടെ പാരീസിൽ നിന്നുള്ള ഒരു വീഡിയോ ചാരുലത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സൂര്യക്കു പകരം ദുലീപ് ട്രോഫി ടീമിൽ ഇടം പിടിക്കുകയാണെങ്കിൽ സഞ്ജു തീർച്ചയായും കളിക്കാൻ തന്നെയാണ് സാധ്യത.

അതെസമയം ദുലീപ് ട്രോഫിയിൽ ടീം സിയുടെ ഭാഗമാണ് സൂര്യകുമാർ യാദവ്. ഇന്ത്യൻ ടീമിനായി ഇതിനകം വൈറ്റ് ബോൾ ഫോർമാറ്റുകളിൽ കളിച്ചുകഴിഞ്ഞ റുതുരാജ് ഗെയ്ക്വാദാണ് സി ടീമിനെ നയിക്കുന്നത്. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരം കൂടിയാണ് സൂര്യ. അതുകൊണ്ടുതന്നെ ദുലീപ് ട്രോഫിയിൽ അദ്ദേഹം കളിച്ചില്ലെങ്കിൽ അതു അവർക്കു വലിയ ക്ഷീണമായി മാറുകയും ചെയ്യും.

സൂര്യ, റുതുരാജ് എന്നിവരെക്കൂടാതെ അവരുടെ ബാറ്റിങ് ലൈനപ്പിലെ മറ്റു പ്രധാന കളിക്കാർ സായ് സുദർശൻ, രജത് പാട്ടിധാർ എന്നിവരാണ്. ഒക്ടോബറിൽ ബംഗ്ലാദേശുമായി മൂന്നു ടി20കളുടെ പരമ്പരയിൽ ഇന്ത്യൻ ടീം കളിക്കാനിരിക്കുകയാണ്. ഇവയിൽ ടീമിനെ നയിക്കുന്നതും സൂര്യയായിരിക്കും. അതുകൊണ്ട് തന്നെ ദുലീപ് ട്രോഫിയിൽ കളിച്ച് പരിക്ക് കൂടുതൽ വഷളാക്കാൻ അദ്ദേഹം ആഗ്രഹിക്കില്ല. ഈ കാരണത്താൽ തന്നെ ദുലീപ് ട്രോഫിയിൽ നിന്നും സൂര്യ മാറി നിന്നേക്കുകയും ചെയ്യും.

 

duleep trophy Suryakumar Yadav Sanju Samson