സൂര്യകുമാര്‍ യാദവ് മെസേജ് അയക്കാറുണ്ടെന്ന വെളിപ്പെടുത്തല്‍; നടിക്കെതിരെ 100 കോടിയുടെ അപകീര്‍ത്തി കേസ്

ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയായിരുന്നു സൂര്യകുമാര്‍ യാദവ് ഒരുപാട് മെസേജുകള്‍ അയക്കാറുണ്ടെന്നും ഒരു ക്രിക്കറ്റ് താരത്തെ ഡേറ്റ് ചെയ്യാന്‍ താല്‍പര്യമില്ലെന്നും ഖുഷി വെളിപ്പെടുത്തിയത്.

author-image
Biju
New Update
SURYA2

മുംബൈ: അഭിമുഖത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബോളിവുഡ് നടി ഖുഷി മുഖര്‍ജിക്കെതിരെ നിയമനടപടിക്കു നീക്കം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ഫൈസന്‍ അന്‍സാരി 100 കോടി രൂപയുടെ അപകീര്‍ത്തി കേസാണ് ഖുഷിക്കെതിരെ ഫയല്‍ ചെയ്തത്. ഒരു റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയായിരുന്നു സൂര്യകുമാര്‍ യാദവ് ഒരുപാട് മെസേജുകള്‍ അയക്കാറുണ്ടെന്നും ഒരു ക്രിക്കറ്റ് താരത്തെ ഡേറ്റ് ചെയ്യാന്‍ താല്‍പര്യമില്ലെന്നും ഖുഷി വെളിപ്പെടുത്തിയത്.

നടിയുടെ പ്രതികരണം വിവാദമായതോടെ, സൂര്യയുമായി ഉണ്ടായത് വെറും സൗഹൃദം മാത്രമാണെന്നു ഖുഷി വിശദീകരിച്ചിരുന്നു. ഖുഷിയുടെ അവകാശ വാദങ്ങള്‍ വ്യാജവും സൂര്യകുമാര്‍ യാദവിനെ അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ളതുമാണെന്ന് അന്‍സാരി ഖാസിപുര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബോളിവുഡ് നടിയുടെ വെളിപ്പെടുത്തലില്‍ സൂര്യകുമാര്‍ യാദവ് യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.

''ഖുഷി മുഖര്‍ക്കെതിരെ എത്രയും പെട്ടെന്ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണം. അതാണു ഞങ്ങളുടെ ആവശ്യം. ഈ വിഷയം ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്. നീതി ലഭിക്കണമെന്നതാണ് എന്റെ ആവശ്യം. അതിനായി ഏതറ്റം വരെയും പോകും.'' അന്‍സാരി മാധ്യമങ്ങളോടു പ്രതികരിച്ചു. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് സൂര്യകുമാര്‍ യാദവ് ഇപ്പോള്‍. ജനുവരി 21ന് നാഗ്പുരിലാണു പരമ്പരയിലെ ആദ്യ മത്സരം.