മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഷമി എന്ന് തിരിച്ചെത്തും എന്നുള്ളതിന് ഉത്തരം കിട്ടിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരികെ എത്തിയിരിക്കുകയാണ് പേസര്‍ മുഹമ്മദ് ഷമി. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ട്വന്റി20 ടീമില്‍ തുടരും. രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയ്ക്കു പകരം ധ്രുവ് ജുറെലും ടീമില്‍ സ്ഥാനം പിടിച്ചു. പരുക്ക് മാറി രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും ട്വന്റി20യില്‍ ഋഷഭ് പന്തിന് അവസരം നല്‍കിയില്ല.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ട്വന്റി20 ടീമിലുണ്ട്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ റിയാന്‍ പരാഗ്, ശിവം ദുബെ എന്നിവരെ പരുക്കിനെ തുടര്‍ന്നു പരിഗണിച്ചില്ല.
ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കേണ്ടതചിനാല്‍ ജയ്‌സ്വാളിനെയും പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിക്കണമെന്ന കെഎല്‍ രാഹുലിന്റെ ആവശ്യം തള്ളി അജിത് അഗാര്‍ക്കര്‍ തള്ളിയിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ജസ്പ്രീത് ബുമ്രയുടെ ഫിറ്റ്നസില്‍ ആശങ്കയുള്ള ടീം ഇന്ത്യയ്ക്ക് മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ആശ്വാസമാണ്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റിനിടെയാണ് ബുമ്രയ്ക്കു പരുക്കേറ്റത്. ചാംപ്യന്‍സ് ട്രോഫിയിലും ബുമ്ര കളിക്കുന്നത് സംശയത്തിലാണ്. ഈ സാഹചര്യത്തില്‍ ഷമിയുടെ സാന്നിധ്യം ബോളിങ് നിരയ്ക്ക് കരുത്ത് നല്‍കും.
ഈ മാസം 22 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഇതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇന്ത്യ കളിക്കും. പരമ്പരയ്ക്കുള്ള ഏകദിന ടീമിനേയും ചാംപ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡിനേയും പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യന്‍ ടീം
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, ധ്രുവ് ജുറല്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി.