t20 world cup 2024 australia won against scotland and england qualified for super 8
സെൻറ് ലൂസിയ: ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് 2024ൽ സ്കോട്‌ലൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോട്‌ലൻഡിനെതിരെ ഓസ്‌ട്രേലിയക്ക് ത്രില്ലർ ജയം. അഞ്ച് വിക്കറ്റിനാണ് ഓസീസിന്റെ വിജയം.സ്കോട്‌ലൻഡ് മുന്നോട്ടുവെച്ച 181 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി രണ്ട് പന്ത് ബാക്കിനിൽക്കേ ഓസ്ട്രേലിയ നേടുകയായിരുന്നു.
മാർക്കസ് സ്റ്റോയിനിസ് വെടിക്കെട്ടിലായിരുന്നു കങ്കാരുക്കളുടെ തകർപ്പൻ ജയം.അതെസമയം സ്കോട്ടിഷ് ടീം തോറ്റതോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ടാമൻമാരായി സൂപ്പർ എട്ടിൽ സ്ഥാനം നേടി.ഇംഗ്ലണ്ടിനും സ്കോട്‌ലൻഡിനും അഞ്ച് പോയിൻറ് വീതമാണെങ്കിലും മികച്ച റൺറേറ്റ് ഇംഗ്ലീഷ് ടീമിന് തുണയായി. ഓസീസ് നേരത്തെ സൂപ്പർ എട്ടിലെത്തിയിരുന്നു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നിട്ടും കങ്കാരുക്കളെ സ്കോട്‌ലൻഡ് വിറപ്പിച്ചു.ഓസീസ് സ്റ്റാർ പേസർമാരായ ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻസും ബഞ്ചിലിരുന്നത് മുതലെടുത്തായിരുന്നു സ്കോട്‌ലൻഡിൻറെ ബാറ്റിംഗ്. ഓപ്പണർ മൈക്കൽ ജോൺസിനെ രണ്ട് റൺസിൽ ഇന്നിംഗ്സിലെ ആറാം പന്തിൽ നഷ്‌ടമായിട്ടും സ്കോട്ടിഷ് പട പതറിയില്ല.
മറ്റൊരു ഓപ്പണർ ജോർജ് മൻസിയും മൂന്നാമൻ ബ്രാണ്ടൻ മക്‌മല്ലെനും ചേർന്നുള്ള 89 റൺസ് കൂട്ടുകെട്ട് നിർണായകമായി. മൻസി 23 പന്തിൽ 35 ഉം, ബ്രാണ്ടൻ മക്‌മെല്ലൻ 34 പന്തിൽ 60 ഉം റൺസെടുത്തു. പിന്നാലെ മാത്യൂ ക്രോസ് 11 പന്തിൽ 18 ഉം, മൈക്കൽ ലീസ്‌ക് 8 പന്തിൽ അഞ്ചും റൺസുമായി മടങ്ങി. പൊരുതിക്കളിച്ച ക്യാപ്റ്റൻ റിച്ചീ ബെറിംഗ്‌ടണിനൊപ്പം (31 പന്തിൽ 42*), ക്രിസ് ഗ്രീവ്സ് (10 പന്തിൽ 9*) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയക്ക് തുടക്കം മോശമായി. ഓപ്പണർ ഡേവിഡ് വാർണർ നാല് പന്തിൽ ഒന്നും ക്യാപ്റ്റനും വൺഡൗൺ ബാറ്ററുമായ മിച്ചൽ മാർഷ് 9 പന്തിൽ എട്ടും റൺസുമായി മടങ്ങി. ഗ്ലെൻ മാക്‌സ്‌വെല്ലിനും (8 പന്തിൽ 11) തിളങ്ങാനായില്ല. ഇതിന് ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ട്രാവിസ് ഹെഡ്-മാർക്കസ് സ്റ്റോയിനിസ് സഖ്യമാണ് ഓസ്ട്രേലിയയെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഹെഡ് 49 ബോളുകളിൽ 68 റൺസെടുത്ത് മടങ്ങിയപ്പോൾ കൂറ്റനടികളുമായി സ്റ്റോയിനിസ് 29 പന്തിൽ 59 നേടി. 17-ാം ഓവറിലെ അവസാന പന്തിൽ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച സ്റ്റോയിനിസിൻറെ കുറ്റി മാർക് വാറ്റ് പിഴുതെറിയുകയായിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ടിം ഡേവിഡും (14 പന്തിൽ 28*), മാത്യൂ വെയ്‌ഡും (5 പന്തിൽ 4*) ഓസീസിന് ജയമൊരുക്കി.