t20 world cup 2024 pakistan vs canada todays match
ന്യൂയോർക്ക്: ടി20 ലോകകപ്പിൻ്റെ 22-ാം മത്സരത്തിൽ ഇന്ന് പാകിസ്ഥാൻ കാനഡയെ നേരിടും.രാത്രി എട്ടിന് ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ പാകിസ്ഥാൻ ആദ്യ റൗണ്ടിൽ തന്നെ പുറത്താകലിൻ്റെ വക്കിലാണ്. അടുത്ത റൗണ്ടിലേക്ക് (സൂപ്പർ 8) യോഗ്യത നേടണമെങ്കിൽ, ബാബർ അസമിനും സംഘത്തിനും കാനഡയ്ക്കും അയർലൻഡിനുമെതിരെ വലിയ വിജയം നേടേണ്ടതുണ്ട്.
അമേരിക്കയോടും ഇന്ത്യയോടും പൊട്ടിപ്പാളീസായ പാകിസ്ഥാന് ഇന്ന് ജീവൻമരണ പോരാട്ടമാണ്. അട്ടിമറി വീരൻമാരായ അയർലൻഡിനെ തോൽപിച്ചെത്തുന്ന കാനഡയും ബാബർ അസമിനും സംഘത്തിനും കടുത്ത വെല്ലുവിളിയാവുമെന്നുറപ്പ്.അതെസമയം പാകിസ്ഥാൻ ഇന്ന് അവരുടെ 11 അം​ഗ ടൂമിൽ അയൂബിനെയോ അസം ഖാനെയോ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഉസ്മാൻ ഖാൻ പുറത്ത് ഇരിക്കേണ്ടിവരും.
ബാറ്റിംഗിലും ബൗളിംഗിലും വീര്യം വീണ്ടെടുത്ത് ഇനിയുള്ള രണ്ട് കളിയിലും വൻവിജയം നേടിയാലേ പാകിസ്ഥാന് പ്രതീക്ഷ നിലനിർത്താൻ കഴിയൂ. ഇതോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലവും അനുകൂലമാവണം. ഇന്ത്യ ഗ്രൂപ്പിൽ ബാക്കിയുള്ള രണ്ട് കളിയിലും ജയിക്കുകയും അമേരിക്ക തോൽക്കുകയും ചെയ്താലേ പാകിസ്ഥാൻ സൂപ്പർ എട്ടിലെത്തൂ.
ഇന്ത്യക്കെതിരെ ജയിക്കാവുന്ന മത്സരം കൈവിട്ട പാകിസ്ഥാൻ വിമർശനങ്ങളുടെ മുൾമുനയിൽ നിന്നാണ് മൂന്നാം പോരിനിറങ്ങുന്നത്. ബാബർ അസമിൻറെയും മുഹമ്മദ് റിസ്‌വാൻറെയും ഇന്നിംഗ്സുകൾ നിർണായകമാവും. മധ്യനിര അവസരത്തിനൊപ്പം ഉയരേണ്ടതും അനിവാര്യം. പാകിസ്ഥാനെ വീഴ്ത്തിയാൽ കാനഡയ്ക്കും സൂപ്പർ എട്ടിലേക്ക്
മോഹം നീട്ടാം.
ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ പുതിയ പിച്ചിലായിരിക്കും ഇന്നത്തെ പാക്-കാനഡ മത്സരം. ഇതിന് മുൻപ് കാനഡുമായി ഏറ്റുമുട്ടിയ കളിയിൽ ജയം പാകിസ്ഥാനായിരുന്നു.ലോ സ്കോറിംഗ് മത്സരമായാൽ മത്സരഫലം എങ്ങനെയാവുമെന്ന് പ്രവചിക്കുകയും അസാധ്യമാണ്. മാത്രമല്ല കഴിഞ്ഞ മത്സരങ്ങളിലെല്ലാം ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത് എന്നതിനാൽ ഇന്നും ടോസ് നിർണായകമാകും.കാനഡ കഴിഞ്ഞാൽ അയർലൻഡാണ് അവസാന മത്സരത്തിൽ പാകിസ്ഥാൻറെ എതിരാളികൾ.
സ്ക്വാഡുകൾ:
പാകിസ്ഥാൻ ടീം:മുഹമ്മദ് റിസ്വാൻ(വിക്കറ്റ് കീപ്പർ), ബാബർ അസം(ക്യാപ്റ്റൻ), ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ഇമാദ് വസീം, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ആമിർ, അബ്രാർ അഹമ്മദ്, സയിം അയൂബ്, അസം ഖാൻ, അബ്ബാസ് അഫ്രിദി .
കാനഡ ടീം:സാദ് ബിൻ സഫർ (ക്യാപ്റ്റൻ),ശ്രേയസ് മൊവ്വ (വിക്കറ്റ് കീപ്പർ),ആരോൺ ജോൺസൺ, നവനീത് ധലിവാൾ, പർഗത് സിംഗ്, ദിൽപ്രീത് ബജ്‌വ, നിക്കോളാസ് കിർട്ടൺ,ദില്ലൻ ഹെലിഗർ, ജുനൈദ് സിദ്ദിഖി, കലീം സന, ജെറമി ഗോർഡൻ.