t20 world cup 2024 rohit sharma faces another injury scare ahead of india vs pakistan match
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. കഴിഞ്ഞ ദിവസം യു.എസ്.എയ്‌ക്കെതിരെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ പാകിസ്ഥാൻ നാളെ ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ശക്തമായി തിരിച്ചുവരാൻ നോക്കും.ബാബർ അസമിൻ്റെ നേതൃത്വത്തിലുള്ള ടീമിനെ പരാജയപ്പെടുത്തുക എന്നതാണ് ഇന്ത്യയ്ക്ക മുന്നിലുള്ള ലക്ഷ്യം.അതിനിടെയാണ് വീണ്ടും ഇന്ത്യൻ ടീം ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ സംഘത്തിന് തിരിച്ചടിയുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പിന്നാലെ താരത്തിന് വൈദ്യ സഹായം ലഭ്യമാകുകയും പരിശീലനം തുടരുകയും ചെയ്തു. അയർലൻഡിനെതിരായ ആദ്യ മത്സരത്തിനിടെ രോഹിത് ശർമ്മയുടെ വലതുതോളിന് പന്ത് തട്ടിയിരുന്നു. പിന്നാലെ താരം ബാറ്റിംഗ് മതിയാക്കി തിരികെ മടങ്ങി.
പാകിസ്താനെതിരെ നാളെ മത്സരം നടക്കാനിരിക്കെയാണ് ഇന്ത്യൻ ആരാധകർക്ക് ആശങ്ക പടർത്തുന്ന വാർത്ത പുറത്തുവന്നത്. നിലവിലത്തെ സാഹചര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ പാകിസ്താനെതിരെ കളിക്കുമെന്നാണ് സൂചന. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റമുണ്ടാകാനും സാധ്യതയില്ല. ആദ്യ മത്സരം നടന്ന വേദിയിൽ തന്നെയാണ് ഇന്ത്യ പാകിസ്താനെ നേരിടുന്നത്.
അയർലൻഡിനെതിരെ നേടിയ അനായാസ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ പാകിസ്താനെ നേരിടാൻ ഒരുങ്ങുന്നത്. എന്നാൽ അമേരിക്കയോട് തോൽവി വഴങ്ങിയാണ് പാകിസ്താന്റെ വരവ്. സൂപ്പർ എട്ട് പ്രതീക്ഷകൾ നിലനിർത്താൻ നാളത്തെ മത്സരത്തിൽ ബാബർ അസമിനും സംഘത്തിനും വിജയവും അനിവാര്യമാണ്.