നമീബിയയ്ക്ക് പടുകൂറ്റന്‍ തോല്‍വി സമ്മാനിച്ച് ടീം ഇന്ത്യ

മൂന്നു വിക്കറ്റെടുത്ത മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് നമീബിയയെ കറക്കിവീഴ്ത്തിയത്. ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു

author-image
Biju
New Update
NAMEBIA

ന്യൂഡല്‍ഹി: പ്രതീക്ഷ ഏറെയെങ്കിലും പിടിച്ചുനിന്ന് സഞ്ജു തുടക്കമിട്ടപ്പോള്‍ നമിബീയ 18.2 ഓവറില്‍ 116 റണ്‍സിന്  ഓള്‍ഔട്ടായി നമിച്ചു! ഇന്ത്യയ്ക്ക് 93 റണ്‍സ് വിജയം. മൂന്നു വിക്കറ്റെടുത്ത മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് നമീബിയയെ കറക്കിവീഴ്ത്തിയത്. ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. ഒരാള്‍ ഹിറ്റ് വിക്കറ്റായി. ജയത്തോടെ ഗ്രൂപ്പ് എയില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് രണ്ടു ജയവുമായി ഇന്ത്യ, പാക്കിസ്ഥാനെ മറികടന്ന് ഒന്നാമതായി. 15ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഉജ്വല തുടക്കം, അതേറ്റെടുത്ത ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും; പക്ഷേ ഒടുക്കം തുടരെ വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് കൂറ്റന്‍ സ്‌കോര്‍ എന്ന ലക്ഷ്യം ഇന്ത്യ 'നശിപ്പിച്ചു'. ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നമീബിയയ്‌ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 209 റണ്‍സെടുത്തത്.  ഒരുഘട്ടത്തില്‍ മുന്നൂറിനടുത്തു വരെ എത്തുമെന്ന് തോന്നിച്ച സ്‌കോറാണ് കൃത്യമായ ഇടവേളകളിലും പിന്നീട് അവസാന രണ്ട് ഓവറില്‍ വെറും നാല് റണ്‍സിനിടെ 5 വിക്കറ്റ് വീഴ്ത്തിയും നമീബിയ 'ഒതുക്കിയത്'.

ആദ്യ പത്ത് ഓവറില്‍ 120 റണ്‍സ് നേടിയ ഇന്ത്യയ്ക്ക് അവസാന പത്ത് ഓവറില്‍ 89 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അര്‍ധസെഞ്ചറി നേടിയ ഇഷാന്‍ കിഷന്‍ (24 പന്തില്‍ 61), ഹാര്‍ദിക് പാണ്ഡ്യ (28 പന്തില്‍ 52) എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി തിളങ്ങിയത്. ഓള്‍റൗണ്ടര്‍ ശിവം ദുബെ 16 പന്തില്‍ 23 റണ്‍സെടുത്തപ്പോള്‍ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ എട്ടു പന്തില്‍ 22 റണ്‍സെടുത്തു. നമീബിയയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ് നാലു വിക്കറ്റെടുത്തു. 

ടോസ് നഷ്ടപ്പെട്ട്, ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഓവര്‍ മുതല്‍ നമീബിയ ബോളര്‍മാരെ പ്രഹരിച്ചു. ആദ്യ ഓവറിലെ അവസാന പന്തില്‍ സിക്‌സടിച്ച് സഞ്ജു സാംസണ്‍ ആണ് തുടങ്ങിയത്. ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍, ഇതോടെ സിക്‌സടിച്ച് അക്കൗണ്ട് തുറക്കാന്‍ താരത്തിനായി. തൊട്ടടുത്ത ഓവറില്‍ നേരിട്ട ആദ്യ രണ്ടു പന്തും സഞ്ജു സിക്‌സടിച്ചതോടെ ഹാട്രിക് സിക്സായി. അടുത്ത പന്ത് ബൗണ്ടറിയും നേടി. എന്നാല്‍ തൊട്ടടുത്ത പന്ത് വീണ്ടും സിക്‌സടിക്കാന്‍ ശ്രമിച്ച സഞ്ജു പുറത്തായി. 8 പന്തില്‍ മൂന്നു സിക്‌സും ഒരു ബൗണ്ടറിയും സഹിതം 22 റണ്‍സാണ് സഞ്ജുവിന് നേടാനായത്.

എന്നാല്‍ ഇതിനുശേഷമാണ് ഇഷാന്‍ കിഷന്‍ കത്തിക്കയറിയത്. ബൗണ്ടറികളും സിക്‌സറുകളുമായി ഇഷാന്‍ കളം നിറഞ്ഞതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ വെറും 20 പന്തില്‍ താരം അര്‍ധസെഞ്ചറി നേടുകയും ചെയ്തു. ആറാം ഓവറില്‍ തുടര്‍ച്ചയായ നാല് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 28 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ആകെ അഞ്ച് സിക്‌സും ആറു ഫോറുമടിച്ച താരം എട്ടാം ഓവറിലാണ് പുറത്തായത്. അപ്പോഴേയ്ക്കും ഇന്ത്യന്‍ സ്‌കോര്‍ 104ല്‍ എത്തിയിരുന്നു.

എന്നാല്‍ അധികം വൈകാതെ തന്നെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (13 പന്തില്‍ 12) തിലക് വര്‍മയും (21 പന്തില്‍ 25) അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. ഇരുവരും ചേര്‍ന്ന് 89 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. 4 സിക്‌സും 4 ഫോറും സഹിതം 28 പന്തില്‍ അര്‍ധസെഞ്ചറി നേടിയ ഹാര്‍ദിക്, ഇതിനു തൊട്ടുപിന്നാലെ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. 18.1 ഓവറില്‍ 4ന് 205 എന്ന നിലയിലായിരുന്ന ഇന്ത്യ ഒറ്റയടിക്ക് 9ന് 209 എന്ന നിലയിലേക്ക് വീണു. ശിവം ദുബെ (16 പന്തില്‍ 23), അക്ഷര്‍ പട്ടേല്‍ (0), റിങ്കു സിങ് (6 പന്തില്‍ 1), അര്‍ഷ്ദീപ് സിങ് (2 പന്തില്‍ 2) എന്നിവരാണ് ഹര്‍ദിക്കിനു പിന്നാലെ ഔട്ടായത്. ഇതോടെ 230 എങ്കിലും കടക്കേണ്ട സ്‌കോര്‍ വെറും 209ല്‍ ഒതുങ്ങി.