ടി20 ലോകകപ്പില്‍ ഇന്ത്യയെ മാത്രം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍

പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്വന്റി20 ലോകകപ്പില്‍നിന്ന് ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണു പാക്കിസ്ഥാന്റെ നീക്കം

author-image
Biju
New Update
T20PAK

ലഹോര്‍: ട്വന്റി20 ലോകകപ്പിന് ആറു ദിവസം മാത്രം ബാക്കി നില്‍ക്കെ പുതിയ നാടകവുമായി പാക്കിസ്ഥാന്‍. ലോകകപ്പില്‍ പങ്കെടുക്കുമെന്നും എന്നാല്‍ ഇന്ത്യയെ മാത്രമായി ബഹിഷ്‌കരിക്കുമെന്നാണ് പാക്കിസ്ഥാന്റെ പുതിയ നിലപാട്. ഫെബ്രുവരി 15ന് കൊളംബോയിലാണ് ലോകകപ്പിലെ ഇന്ത്യ പാക്ക് പോരാട്ടം. ഈ മത്സരം ബഹിഷ്‌കരിക്കുമെന്നാണു പാക്കിസ്ഥാന്റെ ഭീഷണി. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ട്വന്റി20 ലോകകപ്പില്‍നിന്ന് ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണു പാക്കിസ്ഥാന്റെ നീക്കം.

ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നു പറഞ്ഞ്, മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ബംഗ്ലദേശ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു തള്ളിയ ഐസിസി കടുംപിടിത്തം തുടര്‍ന്ന ബംഗ്ലദേശിനെ പുറത്താക്കുകയായികുന്നു. ബംഗ്ലദേശിനു പകരക്കാരായി യൂറോപ്പില്‍നിന്ന് സ്‌കോട്‌ലന്‍ഡ് ലോകകപ്പിനു യോഗ്യത നേടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തന്നെ ഭീഷണി മുഴക്കിയത്. ഇന്ത്യയെ ബഹിഷ്‌കരിക്കുമെന്ന ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ പാക്കിസ്ഥാനെതിരെ ഐസിസി നടപടി വരാന്‍ സാധ്യതയുണ്ട്.

ലോകകപ്പ് കളിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പിസിബി തലവന്‍ മൊഹ്‌സിന്‍ നഖ്‌വി, പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഇന്ത്യയെ ബഹിഷ്‌കരിച്ചതെന്നു ചൂണ്ടിക്കാട്ടി നടപടികളില്‍നിന്നു രക്ഷപെടാന്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതു ശരി വയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രഖ്യാപനം. പാക്കിസ്ഥാന്റെ ആവശ്യപ്രകാരമാണ് ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം ശ്രീലങ്കയില്‍ നടത്തുന്നത്.

അതേസമയം സൂപ്പര്‍ 8 റൗണ്ടിലോ, സെമി ഫൈനലിലോ എത്തിയാല്‍ ഇന്ത്യയെ ബഹിഷ്‌കരിക്കുമോയെന്ന് പാക്കിസ്ഥാന്‍ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ലോകകപ്പ് മുഴുവനായി ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കുന്നതിനിടെ പാക്ക് താരങ്ങള്‍ ശ്രീലങ്കയിലേക്കു പോകാന്‍ ടിക്കറ്റെടുത്ത വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാക്കിസ്ഥാന്‍ ലോകകപ്പ് കളിക്കുമെന്ന് ഇതോടെ ഉറപ്പായിരുന്നു.