ലോകകപ്പില്‍ ഇന്ന് ഇന്ത്യ- നമീബിയ പോരാട്ടം; സഞ്ജു കളിച്ചേക്കും

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം ഫോം മറികടന്ന് പാകിസ്ഥാനെതിരായ നിര്‍ണ്ണായക പോരാട്ടത്തിന് മുന്‍പ് ഫോം വീണ്ടെടുക്കാന്‍ സഞ്ജുവിന് ലഭിക്കുന്ന മികച്ച അവസരമാണിത്.

author-image
Biju
New Update
SANJU 1

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ കരുത്തരായ നമീബിയയെ നേരിടുന്നു. രാത്രി ഏഴ് മണിക്ക് ഡല്‍ഹിയില്‍ വെച്ചാണ് മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചേക്കും എന്നതാണ് ആരാധകര്‍ക്ക് ഏറ്റവും ആവേശകരമായ വാര്‍ത്ത. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വയറിന് അസുഖം ബാധിച്ച ഓപ്പണര്‍ അഭിഷേക് ശര്‍മ്മ പരിശീലനത്തിന് എത്തിയിരുന്നില്ല. താരം ഇന്ന് കളിച്ചേക്കില്ല എന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷനൊപ്പം സഞ്ജു സാംസണ്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം ഫോം മറികടന്ന് പാകിസ്ഥാനെതിരായ നിര്‍ണ്ണായക പോരാട്ടത്തിന് മുന്‍പ് ഫോം വീണ്ടെടുക്കാന്‍ സഞ്ജുവിന് ലഭിക്കുന്ന മികച്ച അവസരമാണിത്. പരിക്ക് മാറി സൂപ്പര്‍ താരം ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നത് ഇന്ത്യന്‍ ക്യാമ്പിന് വലിയ ആശ്വാസമാണ്. ബുമ്ര ടീമിലെത്തുമ്പോള്‍ അര്‍ഷ്ദീപ് സിംഗോ മുഹമ്മദ് സിറാജോ പുറത്തിരിക്കേണ്ടി വരും. ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കപ്പെട്ടേക്കാം. 2021 ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ 9 വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ശ്രീലങ്ക രാവിലെ 11ന് ഒമാനെയും നേപ്പാള്‍ ഉച്ചതിരിഞ്ഞ് മൂന്നിന് ഇറ്റലിയേയും നേരിടും.