/kalakaumudi/media/media_files/2026/02/08/20-2026-02-08-08-53-53.jpg)
മുംബൈ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില് അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റണ്സിന്റെ ആശ്വാസ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന് സൂര്യകുമാര് യാദവിന്റെ ഒറ്റയാള് പോരാട്ടത്തിലൂടെ 20 ഓവറില് 9 വിക്കറ്റ് നഷ്ടത്തില് 161 റണ്സെടുത്തപ്പോള് 162 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അമേരിക്കയുടെ പോരാട്ടം 20 ഓവറില് 8 വിക്കറ്റ് നഷ്ടത്തില് 132 റണ്സിലൊതുങ്ങി.
ബൗളിംഗില് ഇന്ത്യയെ വിറപ്പിച്ച അമേരിക്കക്ക് പക്ഷെ ബാറ്റിംഗില് ആ മികവ് പുറത്തെടുക്കാനായില്ല. 162 റണ്സ് വിജയലക്ഷ്യത്തിന് മുന്നില് ഒരിക്കല് പോലും വിജയപ്രതീക്ഷ ഉണര്ത്താതെയാണ് അമേരിക്ക വാങ്കഡെയില് അടിയറവ് പറഞ്ഞത്. സ്കോര് ഇന്ത്യ 20 ഓവറില് 161-8, അമേരിക്ക 20 ഓവറില് 132-8.
162 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അമേരിക്കക്ക് തുടക്കത്തിലെ അടിതെറ്റി. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറില് ആന്ഡ്രീസ് ഗൗസ് സിക്സ് അടിച്ച് ഞെട്ടിച്ചെങ്കിലും അതേ ഓവറില് ഗൗസിനെ(6) മടക്കി സിറാജ് പ്രതികാരം തീര്ത്തു. മൂന്നാം ഓവറില് അര്ഷ്ദീപ് സിംഗ് ക്യാപ്റ്റന് മൊനാങ്ക് പട്ടേലിനെ(0) പൂജ്യത്തിന് മടക്കി. തന്റെ രണ്ടാം ഓവറില് സായ്തേജ മുക്കാമല്ലയെ(2) കൂടി മടക്കിയ സിറാജ് അമേരിക്ക തല ഉയര്ത്തില്ലെന്ന് ഉറപ്പിച്ചു. മിലിന്ദ് കുമാറും സഞ്ജയ് കൃഷ്ണമൂര്ത്തിയും ചേര്ന്നുള്ള കൂട്ടുകെട്ട് അമേരിക്കയുടെ കൂട്ടത്തകര്ച്ച ഒഴിവാക്കിയെങ്കിലും റണ്നിരക്ക് കുറവായിരുന്നത് ഇന്ത്യക്ക് ആശ്വാസമായി.
സഞ്ജയ് കൃഷ്ണമൂര്ത്തിയെ(37) അക്സറും മിലിന്ദ് കുമാറിനെ(34) വരുണ് ചക്രവര്ത്തിയും പുറത്താക്കിയതോടെ പ്രതീക്ഷ നഷ്ടമായ അമേരിക്കയ്ക്ക് ശുഭം രഞ്ജനെ(37) നടത്തിയ ചെറുത്തു നില്പ്പ് തോല്വിഭാരം കുറച്ചു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 29 റണ്സിന് മൂന്ന് വിക്കറ്റെടുത്തപ്പോള് അര്ഷ്ദീപും അക്സറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ മുന്നിര ബാറ്റര്മാരെല്ലാം നിരാശപ്പെടുത്തിയപ്പോള് ക്യാപ്റ്റന് സൂര്യകുമാര് യാദവിന്റെ ഒറ്റയാള് പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട വിജയലക്ഷ്യത്തിലെത്തിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്മയും ഇഷാന് കിഷനുമാണ് ഇന്നിംഗ്സ് ഓപ്പണ് ചെയ്ത്. അലി ഖാന് എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്ത് കവറിന് മുകളിലൂ തൂക്കിയടിച്ച അഭിഷേക് സഞ്ജയ് കൃഷ്ണമൂര്ത്തിയുടെ കൈകളില് ഒതുങ്ങിയതോടെ ഇന്ത്യ ഞെട്ടി.
പവര് പ്ലേയിലെ അവസാന ഓവര് എറിയാനെത്തിയ ഷാഡ്ലി വാന് ഷാല്ക്വിക്ക് രണ്ടാം പന്തില് ഇഷാന് കിഷനെയും(16 പന്തില് 20) അഞ്ചാം പന്തില് തിലക് വര്മയെയും(16 പന്തില് 25) അടുത്ത പന്തില് ശിവം ദുബെയെയും പുറത്താക്കി പവര് പ്ലേയില് ഇന്ത്യയെ 46-4ലേക്ക് തള്ളിയിട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
