ചെന്നൈ: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചൈനീസ് താരം ഡിങ് ലിറനെ തോല്‍പിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ താരം ഡി. ഗുകേഷിന് സമ്മാനത്തുകയുടെ നികുതിയില്‍ ഇളവു നല്‍കണമെന്ന് ആവശ്യം. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധി ആര്‍. സുധയാണ് നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയത്. ഗുകേഷിന് കേന്ദ്രസര്‍ക്കാര്‍ സമ്മാനത്തുക പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് എംപി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിച്ചിരുന്ന കാലത്ത് ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, രവി ശാസ്ത്രി എന്നിവര്‍ക്ക് നികുതിയില്‍ ഇളവ് അനുവദിച്ചിരുന്നതായും സുധ അവകാശപ്പെട്ടു. അഞ്ച് കോടി രൂപയാണ് ഗുകേഷിന് തമിഴ്‌നാട് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. സിംഗപ്പൂരില്‍നിന്ന് നാട്ടിലെത്തിയ ഗുകേഷിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഈ തുക കൈമാറുകയും ചെയ്തു. ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ വിജയത്തിലൂടെ 11.45 കോടി രൂപയോളം പ്രതിഫലമായി ലഭിച്ചത്.