/kalakaumudi/media/media_files/2025/02/14/e484hjsHVZ2p2nwB31b0.jpg)
Rep. Img.
മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ഒരു താരം, ഒപ്പം കൊണ്ടുപോയത് 27 ബാഗുകളാണെന്ന വിവരമാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. 27 ബാഗിലുമായി ഏതാണ്ട് 2.5 കിന്റലിലധികം സാധനങ്ങളാണ് ഈ താരം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോയത്. അനുവദനീയമായതിലും കൂടിയ അളവില്‍ ലഗേജ് കൊണ്ടുപോയതിന് അധികമായി പണം അടയ്‌ക്കേണ്ടി വന്നത് ബിസിസിഐയും!
ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് വിദേശ പര്യടനങ്ങളില്‍ ഒപ്പം കൊണ്ടുപോകാവുന്ന ബാഗേജിന്റെ പരിധി 150 കിലോയാക്കി നിജപ്പെടുത്തി ബിസിസിഐ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു താരം മാത്രം 250 കിലോയിലേറെ ലഗേജ് കൊണ്ടുപോയ വിവരം പുറത്തുവരുന്നത്. 150 കിലോയ്ക്കു മുകളില്‍ ലഗേജ് കൊണ്ടുപോകുന്നതിന് നിയന്ത്രണമില്ലെങ്കിലും, ബിസിസിഐ വഹിക്കുക ഈ പരിധിക്കുള്ളിലുള്ള ലഗേജിന്റെ സാമ്പത്തിക ബാധ്യത മാത്രമായിരിക്കുമെന്നാണ് അറിയിപ്പ്.
വിദേശപര്യടനങ്ങളില്‍ ഒപ്പം കൊണ്ടുപോകാവുന്ന ബാഗുകളുടെ എണ്ണത്തിലോ ഭാരത്തിലോ ബിസിസിഐ ഇതുവരെ നിയന്ത്രണം വയ്ക്കാത്തത് മുതലെടുത്താണ് ചില താരങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒറ്റ താരം മാത്രം 250 കിലോയിലേറെ ഭാരം വരുന്ന 27 ബാഗുകള്‍ കൊണ്ടുപോയതും ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം, താരത്തിന്റെയും ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളുടെയും പഴ്‌സനല്‍ സ്റ്റാഫിന്റെയും ഉള്‍പ്പെടെയാണ് 27 ബാഗുകളും 250 കിലോയിലധികം തൂക്കവും വന്നതെന്നാണ് വിവരം. എങ്കിലും താരത്തിനൊപ്പം വരുന്നവരുടെ ബാഗുകളും താരത്തിന്റെ കണക്കില്‍പ്പെടുത്തി പണമടയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു.
താരത്തിന്റെ 17 ബാറ്റുകളും കുടുംബാംഗങ്ങളുടെയും പഴ്‌സനല്‍ സ്റ്റാഫിന്റെയും സാധനസാമഗ്രികളും ഇതില്‍ ഉള്‍പ്പെടുന്നു. ബിസിസിഐയുടെ ചട്ടപ്രകാരം താരങ്ങളുടെ കുടുംബാംഗങ്ങളുടെയും പഴ്‌സനല്‍ സ്റ്റാഫിന്റെയും ബാഗേജുകളുടെ ബാധ്യത അതാത് താരങ്ങളാണ് വഹിക്കേണ്ടത്. എന്നാല്‍, ഇതിനു വിരുദ്ധമായി ഈ താരം എല്ലാ ബാഗുകളും തന്റെ കണക്കില്‍പ്പെടുത്തുകയായിരുന്നു.
മാത്രമല്ല, ഈ താരത്തിന്റെ കുടുംബാംഗങ്ങളെല്ലാം പരമ്പരയിലുടനീളം ടീമിനൊപ്പം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏതാണ്ട് ഒന്നര മാസത്തോളം നീണ്ട പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിച്ചത്. ഇത്രയധികം പേരുടെ ബാഗുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കും തിരിച്ചും, ഓസ്‌ട്രേലിയയില്‍ത്തന്നെ നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്കും വിമാനത്തില്‍ കൊണ്ടുപോയതിന്റെ ചെലവത്രയും ബിസിസിഐ വഹിക്കേണ്ടി വന്നുവെന്നാണ് വിവരം. ഈ താരത്തിനായി ബിസിസിഐ ചെലവഴിക്കേണ്ടി വന്ന തുക വ്യക്തമല്ലെങ്കിലും, ലക്ഷക്കണക്കിനു രൂപയുടെ ബാധ്യത അദ്ദേഹം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഇതേ ശൈലി ടീമിലെ മറ്റു താരങ്ങളും അനുകരിച്ചേക്കുമെന്ന ആശങ്കയിലാണ്, വിദേശ പര്യടനങ്ങളുടെ കാര്യത്തില്‍ ബിസിസിഐ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം ടീമംഗങ്ങള്‍ക്ക് സഹതാരങ്ങള്‍ക്കൊപ്പം ടീം ബസില്‍ സഞ്ചരിക്കാന്‍ മാത്രമേ അനുവാദമുള്ളൂ. വ്യക്തിപരമായ കാരണങ്ങളാല്‍ ടീം ബസിലെ യാത്ര ഒഴിവാക്കി സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുന്നതിന് ബിസിസിഐ നിയന്ത്രണം ഏര്‍പ്പെടുത്തി. ടീമിന്റെ ഐക്യം വളര്‍ത്താനാണ് ഇങ്ങനെയൊരു തീരുമാനമെന്നും ലംഘിക്കപ്പെട്ടാല്‍ അതിനെ ഗൗരവത്തോടെ കാണുമെന്നും ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. അഹമ്മദാബാദില്‍ നടന്ന മൂന്നാം ഏകദിനത്തിനിടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് താരങ്ങളെ ബിസിസിഐ അറിയിച്ചു.
ഇതിനു പുറമേയാണ്, ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ദുബായിലേക്കു പോകുമ്പോള്‍ ഭാര്യയും ഒപ്പം വേണമെന്ന സീനിയര്‍ താരത്തിന്റെ ആവശ്യം ബിസിസിഐ തള്ളിയത്. ബിസിസിഐയുടെ പുതിയ നയപ്രകാരം ദൈര്‍ഘ്യം കുറഞ്ഞ ടൂര്‍ണമെന്റുകള്‍ക്ക് കുടുംബത്തെ ഒപ്പം കൊണ്ടുപോകാന്‍ താരങ്ങള്‍ക്ക് അനുമതിയില്ല. ഇക്കാര്യം നേരത്തേ തന്നെ താരങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഇളവു വേണമെന്ന ആവശ്യവുമായി ഒരു സീനിയര്‍ താരം ടീം മാനേജ്‌മെന്റിനെ സമീപിക്കുകയായിരുന്നു.
മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനും തന്റെ പഴ്‌സനല്‍ സ്റ്റാഫിനെ ഒപ്പം കൊണ്ടുപോകാന്‍ സാധിക്കില്ല. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഗംഭീറിന്റെ കൂടെ മുഴുവന്‍ സമയവും ഒരു സഹായിയും ഉണ്ടായിരുന്നു. ചാംപ്യന്‍സ് ട്രോഫിക്ക് പുറപ്പെടുമ്പോള്‍ ഗംഭീറിന് ഈ ആനുകൂല്യം ഉണ്ടാകില്ല. 19ന് ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി നാളെ ദുബായിലേക്കു തിരിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ഭാര്യമാരോ മറ്റു കുടുംബാംഗങ്ങളോ ഉണ്ടാകില്ല.
ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയ്ക്കുശേഷമാണ് ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങളില്‍ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിനു ബിസിസിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതാദ്യമായി നടപ്പാകുന്നത് ചാംപ്യന്‍സ് ട്രോഫിയിലാണ്. പുതുക്കിയ മാനദണ്ഡപ്രകാരം 45 ദിവസമോ അതില്‍ കൂടുതലോ ദൈര്‍ഘ്യമുള്ള പരമ്പരകളില്‍ രണ്ടാഴ്ച വരെ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനാണ് കളിക്കാര്‍ക്ക് അനുമതിയുള്ളത്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് 3 ആഴ്ച മാത്രമാണ് ദൈര്‍ഘ്യം.