/kalakaumudi/media/media_files/2025/02/14/u2bkxnpNWbcIQB4lo8fT.jpg)
Steffi Graf
ബെര്‍ലിന്‍: ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ടെന്നീസ് താരം സ്റ്റെഫി ഗ്രാഫ് പിക്കിള്‍ബോളിലേക്ക് തിരിച്ചെത്തുന്നു. ഭര്‍ത്താവ് ആന്ദ്രെ അഗാസിക്കൊപ്പം ഇറങ്ങുന്ന സ്റ്റെഫിയുടെ എതിരാളികള്‍ ആന്‍ഡി റോഡിക്കും യൂജെനി ബൗച്ചാര്‍ഡുമാണ്. മുമ്പ് പിക്കിള്‍ബോള്‍ സ്ലാം 2ലും സ്റ്റെഫി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സ്റ്റെഫിയുടെ മൂന്നാം പിക്കിള്‍ബോള്‍ ടൂര്‍ണമെന്റാണിത്. വനിതാ റാങ്കിംഗില്‍ ഒന്നാമതുള്ള സ്‌റ്റെഫി ഇതിനായുള്ള പരിശീലനവും ആരംഭിച്ചുകഴിഞ്ഞു. ഞായറാഴ്ച ലാസ്‌വേഗാസിലാണ് ടൂര്‍ണണെന്റ്. വെല്ലുവിളിയാണെങ്കിലും പിക്കിള്‍ ബോളില്‍ താന്‍ ആസ്വദിച്ച് കളിക്കുകയാണെന്ന് സ്റ്റെഫി പ്രതികരിച്ചു. കളിക്കളത്തില്‍ സ്റ്റെഫിയുടെ കടന്നുവരവ് തീര്‍ത്തും അ്ന്നുവരെയുള്ള താരങ്ങളെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു.
1984ലെ ലോസ് ആഞ്ജിലസ് ഒളിമ്പിക്സ്. ടെന്നീസ് ഒളിമ്പിക്സില്‍ രണ്ടാം വട്ടവും തിരിച്ചെത്തുന്നു. അക്കുറി പ്രദര്‍ശന ഇനമാണ്. അവിടെ പശ്ചിമ ജര്‍മനിയെ പ്രതിനിധീകരിച്ച് സ്റ്റെഫാനി മരിയ ഗ്രാഫെന്ന ഒരു പതിനഞ്ചുകാരി പെണ്‍കുട്ടിയും ഇറങ്ങി. പങ്കെടുക്കുന്നവരില്‍ ഏറ്റവും ജൂനിയര്‍. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചാമ്പ്യന്‍ പട്ടവുമായാണ് അവള്‍ ജന്‍മനാട്ടിലേക്ക് മടങ്ങിയത്. സമാനതകളില്ലാത്ത ചരിത്രം സൃഷ്ടിക്കാനുള്ള ഒരു തുടക്കമായിരുന്നു അതെന്ന് അന്ന് ആരും കരുതിക്കാണില്ല. ടെന്നീസില്‍ സ്റ്റെഫി ഗ്രാഫിന് പകരം വയ്ക്കാന്‍ സ്റ്റെഫി ഗ്രാഫ് മാത്രമേയുള്ളൂ.
ടെന്നീസില്‍ കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം (ഒരേ വര്‍ഷം തന്നെ നാല് ഗ്രാന്‍സ്ലാമുകളും) നേടിയ പുരുഷന്‍മാരും സ്ത്രീകളുമുണ്ട്. പക്ഷേ ഒരേ വര്‍ഷം നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും അതിനൊപ്പം ഒളിമ്പികസില്‍ സ്വര്‍ണവും നേടുക. അത് ചരിത്രത്തില്‍ സ്റ്റെഫി ഗ്രാഫിന് മാത്രമേ സാധിച്ചിട്ടുള്ളൂ. 1988-ല്‍ ആയിരുന്നു കായികലോകത്തെ അത്ഭുതപ്പെടുത്തിയ ആ നേട്ടം. നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ക്കൊപ്പം സോള്‍ ഒളിമ്പിക്സില്‍ സ്വര്‍ണവും കൂടി നേടിയപ്പോള്‍ കായികലോകത്തെ ചക്രവര്‍ത്തിനായി സ്റ്റെഫി മാറി. ആ നേട്ടത്തെ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റുകള്‍ 'ഗോള്‍ഡന്‍ സ്ലാം' എന്ന വിശേഷണംകൊണ്ടാണ് രേഖപ്പെടുത്തിയത്. പിന്നീടിതുവരെ ഒരു ടെന്നീസ് താരത്തിനും ആവര്‍ത്തിക്കാന്‍ കഴിയാത്ത നേട്ടം.
സ്റ്റെഫി ദ കംപ്ലീറ്റ് പ്ലെയര്‍
വനിതാ ടെന്നീസ് മര്‍ട്ടീന നവരത്ലോവയുടെയും ക്രിസ് എവര്‍ട്ടിന്റെയും ചുറ്റും കറങ്ങിക്കൊണ്ടിരുന്ന കാലം. ക്രിസിന്റെ പ്രതാപം അവസാനിപ്പിച്ച് മാര്‍ട്ടീനയുടെ അശ്വമേധം തുടരുകയാണ്. അവിടേക്കാണ് സ്റ്റെഫി ഒരു മിന്നല്‍പ്പിണര്‍ പോലെ കടന്നു വന്നത്. ക്രിസ് ക്ലേ കോര്‍ട്ടില്‍ മികവു കാണിച്ചപ്പോള്‍ ഗ്രാസ് കോര്‍ട്ടിലും ഹാര്‍ഡ് കോര്‍ട്ടിലുമായിരുന്നു മാര്‍ട്ടീന കൂടുതല്‍ മികവു കാണിച്ചിരുന്നത്. അവിടേയ്ക്കാണ് എല്ലാ പ്രതലങ്ങളിലും ഒരൂ പോലെ മികവ് കാണിച്ച് സ്റ്റെഫിയുടെ കടന്നു വരവ്. യഥാര്‍ത്ഥ അശ്വമേധം അവിടെ തുടങ്ങുകയായിരുന്നു.
മാര്‍ട്ടീനയും ക്രിസും യുവതാരത്തിന് മുന്നില്‍ അടിയറവു പറഞ്ഞു. സമകാലികരായ ഗബ്രിലേയല സബാറ്റിനിയും അരാന്താ സാഞ്ചസ് വികോറിയയുമൊക്കെ സ്റ്റെഫിക്കു മുന്നില്‍ പലപ്പോഴും മുട്ടുമടക്കി. 22 ഗ്രാന്‍്ഡ് സ്ലാം കിരീടങ്ങളുമായിട്ടാണ് ആ പടയോട്ടം അവസാനിച്ചത്. ഇതില്‍ ഏഴ് വിംബിള്‍ഡണ്‍ കിരീടങ്ങളും ആറ് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും അഞ്ച് യു.എസ്.ഓപ്പണ്‍ കിരീടങ്ങളും നാല് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളും അടങ്ങുന്നു. 377 ആഴ്ചയാണ് സ്റ്റെഫി ലോക ഒന്നാം നമ്പര്‍ പദവി സ്വന്തമാക്കിയത്. ഇതും ഒരു റെക്കോഡാണ്. ഏറ്റവും ദീര്‍ഘമായ കാലം ലോക ഒന്നാം നമ്പര്‍ പദവിയില്‍ കഴിഞ്ഞതിനുള്ള റെക്കോഡ് (പുരുഷ വനിതാ വിഭാഗങ്ങളില്‍ ). എല്ലാ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും കുറഞ്ഞത് നാലു തവണ നേടിയ താരമെന്ന റെക്കോഡും സ്റ്റെഫിക്ക് മാത്രമുള്ളതാണ്.
അച്ഛന്‍ വളര്‍ത്തിയ മകള്‍
ടെന്നീസ് താരങ്ങളായിരുന്നു സ്റ്റെഫിയുടെ മാതാപിതാക്കളായ ഹൈദി ഷാക്കും പീറ്റര്‍ ഗ്രാഫും. കാര്‍ ഇന്‍ഷുറന്‍സ് ഏജന്റായും പീറ്റര്‍ ജോലി ചെയ്തു. പശ്ചിമ ജര്‍മനിയിലെ മാന്‍ഹൈമില്‍ 1969 ജൂണ്‍ 14-നായിരുന്നു സ്റ്റെഫിയുടെ ജനനം. മകള്‍ക്ക് മൂന്ന് വയസ്സായപ്പോള്‍ തന്നെ പീറ്റര്‍ ടെന്നീസ് റാക്കറ്റ് അവള്‍ക്ക് നല്‍കി. ഒപ്പം അവളുടെ പരിശീലകനുമായി. അച്ഛന്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളുമായി മകള്‍ ഓരോ ചുവടുകളും മുന്നേറി. ജര്‍മനിയിലെ ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ സ്റ്റെഫി ജേതാവായതോടെ തന്റെ സ്്വപന സാക്ഷാത്കാര പാതയിലാണ് മകളെന്ന ആത്മവിശ്വാസം പീറ്ററിനുണ്ടായി. 1982-ല്‍ സ്റ്റെഫി പ്രൊഫഷണലായി. അന്ന് അവള്‍ക്ക് പ്രായം പതിമൂന്നു വയസ്സും നാലു മാസവും മാത്രമാണ്. പ്രൊഫഷണലായി ഏതാനും ആഴ്ചകള്‍ക്ക് ശേഷം റാങ്കിങ് സ്വന്തമാക്കാനും അവള്‍ക്കായി. പീറ്ററിന്റെ കൃത്യമായ ശിക്ഷണത്തിലായിരുന്നു സ്റ്റെഫിയുടെ പ്രൊഫഷണല്‍ കരിയറിലെ മുന്നേറ്റവും.
സമകാലികരായ ഗബ്രിയേല സബാറ്റിനിയെപ്പോലുള്ളവര്‍ ഒരു വര്‍ഷം ഇരുപതോളം ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തപ്പോള്‍ സ്റ്റെഫിയുടെ പങ്കാളിത്തം പത്തില്‍ താഴെ ടൂര്‍ണമെന്റുകളില്‍ ഒതുങ്ങി. പീറ്ററായിരുന്നു ഇതിന്റെ ബുദ്ധികേന്ദ്രം. മറ്റു യുവതാരങ്ങള്‍ സീസണിലെ മിക്ക ടൂര്‍ണമെന്റുകളും കളിച്ചു തളര്‍ന്നപ്പോള്‍ സ്റ്റെഫി കൃത്യമായ പ്ലാനിങ്ങോടെ മുന്നേറി. റാങ്കിങിലും കിരീട നേട്ടത്തിലും ഇത് പ്രതിഫലിക്കുകയും ചെയ്തു. 1985-ന്റെ അവസാനത്തോടെ സ്റ്റെഫിയുടെ റാങ്കിങ് ആറിലേക്കുയര്‍ന്നു. ടൂര്‍ണമെന്റുകള്‍... അതിനുശേഷം പരിശീലനം. വീണ്ടും ടൂര്‍ണമെന്റുകള്‍. അതിനു ശേഷം പരിശീലനം ഇതായിരുന്നു പീറ്റര്‍ മകള്‍ക്കായി ഒരുക്കിയ വിജയ ഫോര്‍മുല. അതിനാല്‍ സഹതാരങ്ങളുമായി അടുത്ത സൗഹൃദംപോലും സ്റ്റെഫിക്കില്ലായിരുന്നു. 'പാപ്പ മെഴ്സിലെസ്' (നിഷ്ഠുരനായ അച്ഛന്‍) എന്നാണ് മാധ്യമങ്ങള്‍ പീറ്ററിനെ വിളിച്ചിരുന്നത്.
മറക്കാനാകാത്ത ഫ്രഞ്ച് ഓപ്പണും ഗോള്‍ഡന്‍ സ്ലാമും
1987 സ്റ്റെഫി ഒരിക്കലും മറക്കാത്ത വര്‍ഷമാണ്. കാത്തിരുന്ന ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം കൈപ്പിടിയിലൊതുക്കിയ വര്‍ഷം. ഫ്രഞ്ച് ഓപ്പണ് മുന്നോടിയായി നടന്ന മയാമി ടൂര്‍ണമെന്റില്‍ സ്റ്റെഫിയുടെ വിശ്വരൂപം കണ്ടു. ലോക ഒന്നാം നമ്പര്‍ താരം മാര്‍ട്ടീന നവരത്ലോവയെ സെമിയിലും മുന്‍ ലോക ഒന്നാം നമ്പര്‍ ക്രിസ് എവര്‍ട്ടിനെ ഫൈനലിലും കീഴ്പ്പെടുത്തിയായിരുന്നു മയാമിയിലെ കിരീട നേട്ടം. ഫ്രഞ്ച് ഓപ്പണിലും ഇതേ ഫോം നിലനിര്‍ത്താന്‍ സ്റ്റെഫിക്കായി. സെമിയില്‍ കൂട്ടുകാരി ഗബ്രിയേല സബാറ്റിനിയെ കീഴ്പ്പെടുത്തിയ സ്റ്റെഫിക്ക് കലാശക്കളിയില്‍ എതിരാളിയായി കിട്ടിയത മാര്‍ട്ടീന നവരത്ലോവയെ. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം ജര്‍മന്‍ താരം ഉയര്‍ത്തി. വനിതാ ടെന്നീസില്‍ വരാനിരിക്കുന്ന കുതിപ്പിന്റെ തുടക്കമായിരുന്നു റൊളാങ് ഗാരോസില്‍ അന്ന് കണ്ടത്.
1988-ല്‍ വനിതാ ടെന്നീസില്‍ ഒരേ ഒരു താരമേ ഉണ്ടായിരുന്നുള്ളൂ സ്റ്റെഫി ഗ്രാഫ് മാത്രം. ക്രിസ് എവര്‍ട്ടിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കീരീടവുമായാണ് സ്റ്റെഫി ഗ്രാന്‍ഡ് സ്ലാം കിരീട വേട്ടയ്ക്ക് തുടക്കമിട്ടത്. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റഷ്യയുടെ നടാഷ സ്വരേവയ്ക്ക് ഡബിള്‍ ബൈഗിളിന്റെ (60,60) നാണക്കേട് സമ്മാനിച്ചായിരുന്നു സ്റ്റെഫി കിരീടം നിലനിര്‍ത്തിയത്. വിംബിള്‍ഡണില്‍ തലേ വര്‍ഷത്തെ തോല്‍വിക്ക് മാര്‍ട്ടീന നവരത്ലോവയോട് പകരം വീട്ടിയാണ് കിരീടം സ്വന്തമാക്കിയത്. യു.എസ്.ഓപ്പണ്‍ ഫൈനലില്‍ സബാറ്റിനിയെയും വീഴ്ത്തിയതോടെ കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ വനിതയെന്ന പദവിയും സ്വന്തം. മൗറീന്‍ കൊണോലി ബ്രിങ്കറും (1953), സാക്ഷാല്‍ മാര്‍ഗരറ്റ് കോര്‍ട്ടുമായിരുന്നു (1970) സ്റ്റെഫിയുടെ മുന്‍ഗാമികള്‍. എന്നാല്‍ യു.എസ്.ഓപ്പണ്‍ ഹാര്‍ഡ് കോര്‍ട്ടിലേക്ക് മാറ്റുന്നതിന് (1978) മുമ്പായിരുന്നു ഇവരുടെ നേട്ടം. അതായത് അവര്‍ ക്ലേ കോര്‍ട്ടിലും ഗ്രാസ് കോര്‍ട്ടിലും മത്സരിച്ച് കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേടിയപ്പോള്‍ ഇതിനൊപ്പം ഹാര്‍ഡ് കോര്‍ട്ടില്‍ക്കൂടി മത്സരിച്ചായിരുന്നു സ്റ്റെഫിയുടെ നേട്ടം.
ഇതിലും വലിയൊരു നേട്ടം സ്റ്റെഫിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. 1988-ല്‍ സോളിലാണ് ടെന്നീസ് ഒളിമ്പിക്സിലേക്ക് മത്സര ഇനമായി തിരിച്ചെത്തുന്നത്. ഫൈനലില്‍ സബാറ്റിനിയെ തോല്‍പ്പിച്ച് ടെന്നീസിലെ ഒളിമ്പിക് വ്യക്തിഗത സ്വര്‍ണവും സ്റ്റെഫി സ്വന്തം പേരിലാക്കി. അതോടെയാണ് 'ഗോള്‍ഡന്‍ സ്ലാം ' എന്ന വിശേഷണമുണ്ടായത് (1992ലെ ബാഴ്സലോണ ഒളിമ്പിക്സില്‍ സ്റ്റെഫി വെള്ളിയും നേടി). സോള്‍ ഒളിമ്പിക്സിലാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് കനേഡിയന്‍ അത്ലറ്റ് ബെന്‍ ജോണ്‍സണ് നൂറു മീറ്ററിലെ സ്വര്‍ണം നഷ്ടമായത്. അന്ന് സോളില്‍ നിന്നും തലയെടുപ്പോടെ മടങ്ങിയ താരമാണ് സ്റ്റെഫി.
ജര്‍മന്‍ വസന്തം
1989-ല്‍ ഫ്രഞ്ച് ഓപ്പണൊഴികെയുള്ള മൂന്നു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും സ്വന്തമാക്കി സ്റ്റെഫി മികവ് കാത്തു. അക്കൊല്ലം വിംബിള്‍ഡണില്‍ ജര്‍മനിയുടെ ഇരട്ട നേട്ടത്തിനും ലോകം സാക്ഷ്യം വഹിച്ചു. വനിതാ വിഭാഗത്തില്‍ മാര്‍ട്ടീന നവരത്ലോവയെ തോല്‍പ്പിച്ച് സ്റ്റെഫി കിരീടം നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ സെന്റര്‍ കോര്‍ട്ടിന്റെ പ്രിയപുത്രന്‍ ബോറിസ് ബെക്കര്‍ കരിയറിലെ മൂന്നാം വിംബിള്‍ഡണ്‍ കിരീടമാണ് സ്വന്തമാക്കിയത്. ഫൈനലില്‍ സ്റ്റെഫാന്‍ എഡ്ബര്‍ഗിനെ കീഴടക്കിയായിരുന്നു ബെക്കറിന്റെ ജയം. കുട്ടിക്കാലം മുതല്‍ ഒരുമിച്ചു പരിശീലിച്ച് വന്നവരായിരുന്നു ബെക്കറും സ്റ്റെഫിയും. ബെക്കര്‍ 1985-ല്‍ ടീനേജ്കാരനായിരിക്കത്തന്നെ വിംബിള്‍ഡണില്‍ കിരീടം ചൂടി ചരിത്രം സൃഷ്ടിച്ചിരുന്നു. അന്ന് ബെര്‍ലിന്‍ മതില്‍ ജര്‍മനിയെ പശ്ചിമ , കിഴക്കന്‍ ജര്‍മനികളായി വിഭജിച്ചിരുന്ന കാലമാണ്. ഒരു മതിലനപ്പുറവും ഇപ്പുറവുമായി കഴിയുന്ന സഹോദരങ്ങള്‍. സ്റ്റെഫിയുടെയും ബെക്കറിന്റെയും വിജയം ബെര്‍ലിന്‍ മതിലിന്റെ ഇരുവശത്തുമായി തടിച്ചു കൂടിയ ജര്‍മന്‍ ജനത ആഘോഷിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ബെര്‍ലിന്‍മതില്‍ പൊളിയുകയും ജര്‍മനി ഒന്നാകുകയും ചെയ്തു. ടെന്നീസില്‍ സ്റ്റെഫിയുടെയും ബെക്കറുടെയും ജൈത്രയാത്രയാണ് ജര്‍മനിയിലെ ഒരു തലമുറയെ ടെന്നീസിലേക്ക് ആകര്‍ഷിച്ചത്.
തിരിച്ചടികളും തിരിച്ചു വരവും
വിജയക്കുതിപ്പുകള്‍ക്കു പിന്നാലെ സ്റ്റെഫിക്ക് തിരിച്ചടികളുമുണ്ടായി. 1990 മുതല്‍ 93 വരെ സറ്റെഫിയുടെ വിജയക്കുതിപ്പിന് ബ്രേക്ക് വന്നു. പരിക്കും അച്ഛന്‍ പീറ്റര്‍ ഗ്രാഫിന്റെ പേരിലുള്ള നികുതി വെട്ടിപ്പ് പ്രശ്നങ്ങളുമെല്ലാം അവരുടെ പ്രകടനത്തെ ബാധിച്ചു. ( പീറ്റര്‍ ഗ്രാഫിനെ 1997-ല്‍ കോടതി കുറ്റക്കാരനായി കണ്ടെത്തി. 25 മാസം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നു). സ്റ്റെഫിയെ പിന്തള്ളി മോണിക്ക സെലസ് ലോക ഒന്നാം നമ്പര്‍ പദവി സ്വന്തമാക്കി. ഇതിനിടയില്‍ ഒരു മത്സരത്തിനിടെ 1993 ഏപിലില്‍ സെലസിനെ, സ്റ്റെഫിയുടെ ആരാധകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. സെലസിന്റെ കരിയറിനേറ്റ തിരിച്ചടിയായിരുന്നു ഈ ആക്രമണം. ഇഷ്ടതാരമായ സ്റ്റെഫിക്ക് ലോക ഒന്നാം നമ്പര്‍ പദവി തിരിച്ചുകിട്ടാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് ആ ഭ്രാന്തന്‍ ആരാധകന്‍ അവകാശപ്പെടുകയും ചെയ്തു. തന്റെ ആരാധകനാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്ന അറിവ് തനിക്ക് എല്ലാക്കാലത്തും കുറ്റബോധമുണ്ടാക്കിയതായി പിന്നീട് സ്റ്റെഫി വെളിപ്പെടുത്തിയിട്ടുണ്ട്.
സെലസിന്റൈ അഭാവത്തില്‍ സ്റ്റെഫി കിരീടപാതയില്‍ തിരിച്ചെത്തി. അക്കൊല്ലം മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ അവര്‍ സ്വന്തമാക്കി. അടുത്ത വര്‍ഷം മുതല്‍ പരിക്ക് വലച്ചെങ്കിലും 1997 വരെ വര്‍ഷം കുറഞ്ഞത് ഒരു ഗ്രാന്‍ഡ് സ്ലാം കിരീടമെങ്കിലും നേടാന്‍ സ്റ്റെഫിക്കായി. ടെന്നീസിനോട് വിട പറഞ്ഞ 1999-ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടി ഫോമിന്റെ ഉന്നതിയില്‍ തന്നെയാണ് താനെന്ന് സ്റ്റെഫി തെളിയിച്ചു. വിംബിള്‍ഡണിന്റെ ഫൈനലില്‍ ലിന്‍ഡ്സേ ഡാവെന്‍പോര്‍ട്ടിനോട് പൊരുതി കീഴടങ്ങുകയുമായിരുന്നു. വൈകാതെ അക്കൊല്ലം ഓഗസ്റ്റ് 30-ന് തന്റെ മുപ്പതാം വയസ്സില്‍ സ്റ്റെഫി വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെന്നീസ് ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുടെ വിടവാങ്ങലായിരുന്നു അത്. സ്റ്റെഫി വിരമിക്കുമ്പോള്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ (22) നേടുന്ന താരമെന്ന ബഹുമതി താരത്തിന് സ്വന്തമായിരുന്നു. പിന്നീട് സെറീന വില്യംസ് (23) ഇത് മറികടന്നു. ഓസ്ട്രേലിയയുടെ മാര്‍ഗരറ്റ് കോര്‍ട്ടിനാണ് ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളിലെ റെക്കോഡ് (24). കരിയറില്‍ 377 ആഴ്ചയാണ് സ്റ്റെഫി ലോക ഒന്നാം നമ്പര്‍ സ്ഥാനം വഹിച്ചത്. കരിയറിലാകെ 2.1 കോടി ഡോളര്‍ പ്രൈസ് മണിയും അവര്‍ നേടി.
ടെന്നീസ് ദമ്പതിമാര്‍
മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ടെന്നീസിലെ പോസ്റ്റര്‍ ബോയിയുമായിരുന്ന ആന്ദ്രേ അഗാസിയാണ് സ്റ്റെഫിയുടെ ജീവിത പങ്കാളി. 2001 ഒക്ടോബര്‍ 22-നായിരുന്നു ഇവരുടെ വിവാഹം. ലാസ് വെഗസിലാണ് ഇവരുടെ ജീവിതം. സെലിബ്രിറ്റി ദമ്പതിമാരാണെങ്കിലും വാര്‍ത്തകളിലൊന്നും ഇടംപിടിക്കാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളും മറ്റുമായി ഇരുവരും മുന്നോട്ടുപോകുകയാണ്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.