ആസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ 2025 ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്കു തിരിച്ചടി. പരമ്പരയില്‍ 2-1ന് മുന്നിലെത്തിയതോടെ ഓസീസ് ഫൈനലിന് ഒരുപടി കൂടി അടുത്തു. ഇന്ത്യക്ക് ഇനി ഒരു മത്സരം മാത്രമാണ് ചാംപ്യന്‍ഷിപ്പില്‍ അവശേഷിക്കുന്നത്. ജനുവരില്‍ സിഡ്‌നിയിലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം. അതില്‍ തോല്‍ക്കുകയോ മത്സരം സമനിലയില്‍ അവസാനിക്കുകയോ ചെയ്താല്‍ ഇന്ത്യ പുറത്താവും. ഇനി ജയിക്കുകയാണെങ്കില്‍ പരമ്പരയില്‍ 2-2ന് ഒപ്പമെത്താന്‍ ഇന്ത്യക്കാവും. എന്നാലും ഫൈനലിലെത്തുക എളുപ്പമല്ല. അടുത്തു നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റുകളും ആസ്‌ട്രേലിയ തോല്‍ക്കുകയും വേണം.
18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ പോയിന്റ് ശതമാനം മെല്‍ബണിലെ തോല്‍വിയോടെ 52.78 ആയി കുറഞ്ഞിരുന്നു. ഒമ്പത് ജയവും ഏഴ് തോല്‍വിയും രണ്ട് സമനിലയും അക്കൗണ്ടില്‍. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയക്കും പിറകല്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 16 മത്സങ്ങളില്‍ 10 ജയമാണ് ഓസീസിന്. നാലെണ്ണം പരാജയപ്പെട്ടപ്പോള്‍ രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചു. മെല്‍ബണിലെ ജയത്തോടെ പോയിന്റ് ശതമാനം 61.46 ആക്കി ഉയര്‍ത്താന്‍ ഓസീസിനായി. 11 മത്സരങ്ങളില്‍ 66.67 പോയിന്റ് ശതമാനമുള്ള ദക്ഷിണാഫ്രിക്ക നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഏഴ് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം തോറ്റു. ഒരെണ്ണം സമനിലയില്‍.
മറ്റു ടീമുകളുടെ ആശ്രയമില്ലാതെ ഫൈനല്‍ കളിക്കണമെങ്കില്‍ ഇന്ത്യ മെല്‍ബണിലും സിഡ്‌നിയിലും ജയിക്കണമായിരുന്നു. പരമ്പര 3-1ന് സ്വന്തമാക്കിയിരുന്നെങ്കില്‍ ഇന്ത്യക്ക് കലാശപ്പോരിന് ഇറങ്ങാമായിരുന്നു. 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയാലും ഫൈനലിലെത്താനുള്ള വഴികളുണ്ടായിരുന്നു. അപ്പോള്‍, ശ്രീലങ്കന്‍ പര്യടനത്തില്‍ ഓസ്‌ട്രേലിയ ഒരു മത്സരം തോല്‍ക്കണമെന്നു മാത്രം. ഇനി അതിനുള്ള സാധ്യതകളുമില്ല.
ലോര്‍ഡ്‌സിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. പാകിസ്ഥാനെ ആദ്യ ടെസ്റ്റില്‍ തോല്‍പ്പിച്ചതോടെ ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായിരുന്നു. സെഞ്ചൂറിയനില്‍ അവസാനിച്ച മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 148 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക.
ഒരു ഘട്ടത്തില്‍ എട്ടിന് 99 എന്ന നിലയിലേക്ക് വീണിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് രണ്ട് വിക്കറ്റ് മാത്രം കയ്യിലിരിക്കെ 49 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റബാദ -ജാന്‍സന്‍ സഖ്യം ആതിഥേയരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യന്‍ മോഹങ്ങള്‍ അസ്തമിക്കുന്നു
ഇന്ത്യക്ക് ഇനി ഒരു മത്സരം മാത്രമാണ് ചാംപ്യന്‍ഷിപ്പില്‍ അവശേഷിക്കുന്നത്. ജനുവരില്‍ സിഡ്‌നിയിലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം.
New Update