/kalakaumudi/media/media_files/2025/07/18/cricket-ball-2025-07-18-18-30-33.jpg)
CRICKET BALL
ലണ്ടന്‍:ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഉപയോഗിക്കുന്ന ഡ്യൂക്‌സ് പന്തുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പന്തുകളുടെ ഗുണനിലവാരം പുന:പരിശോധനക്ക് വിധേയമാക്കാമെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ ബ്രിട്ടീഷ് ക്രിക്കറ്റ് ബോള്‍സ് അറിയിച്ചു. പന്തുകള്‍ എളുപ്പം മൃദുവാകുന്നുവെന്നും തിളക്കവും ഷേപ്പും നഷ്ടപ്പെടുന്നുവെന്നതുമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രധാനമായും ഉന്നയിച്ച പരാതി. പന്ത് ഇടക്കിടെ മാറ്റേണ്ടിവരുന്നത് കളിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുകയും ചെയ്തിരുന്നു.
പന്തുകളുടെ തിളക്കം പെട്ടെന്ന് നഷ്ടപ്പെടുന്നത് ബാറ്റിംഗ് അനായാസമാക്കുകയും ബൗളര്‍മാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാനമായും പരാതി ഉയര്‍ന്നത്. വെറും 10 ഓവര്‍ മാത്രമെറിഞ്ഞ ന്യൂബോള്‍ പോലും ഇത്തരത്തില്‍ ഷേപ്പ് മാറിയതിനാല്‍ മാറ്റേണ്ടിവരികയും ചെയ്തിരുന്നു. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം രണ്ടാം ന്യൂബോളില്‍ ജസ്പ്രീത് ബുമ്ര തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ബാറ്റിംഗ് തകര്‍ച്ചയിലേക്ക് തള്ളിവിട്ടെങ്കിലും പത്തോവറിന് ശേഷം പന്ത് മാറ്റിയതോടെ ഇംഗ്ലണ്ടിന് അനുകൂലമായി സാഹചര്യങ്ങള്‍.
271-7 എന്ന സ്‌കോറില്‍ പതറിയ ഇംഗ്ലണ്ടിനെ അര്‍ധസെഞ്ചുറികള്‍ നേടിയ ബ്രെയ്ഡന്‍ കാര്‍സും ജാമി സ്മിത്തും ചേര്‍ന്ന് 387 റണ്‍സിലെത്തിക്കുകയും ചെയ്തു.
ഇത് മത്സരഫലത്തിലും നിര്‍ണായകമായി. ഡ്യൂക്‌സ് പന്തുകളുടെ ഗുണനിലവാരം നഷ്ടമായ കാര്യം മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡും ചൂണ്ടിക്കാട്ടിയിരുന്നു. കളിയുടെ നിലവാരം പോലും ചോദ്യം ചെയ്യപ്പെടുമെന്നതിനാല്‍ എത്രയും വേഗം പന്തുകളുടെ ഗുണനിലവാരം വീണ്ടെടുക്കാന്‍ ശ്രമിക്കണമെന്ന് ബ്രോഡ് ആവശ്യപ്പെട്ടിരുന്നു.
ഡ്യൂക്‌സ് പന്തുകളെക്കുറിച്ചുയര്‍ന്ന എല്ലാ പരാതികളും കണക്കിലെടുക്കുമെന്നും പന്ത് നിര്‍മാണത്തിന് ഉപയോഗിച്ച തുകല്‍ ഉള്‍പ്പെടെയുള്ളവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും ബ്രിട്ടീഷ് ക്രിക്കറ്റ് ബോള്‍സ് ഉടമ ദിലീപ് ജജോഡിയ ബിബിസിയോട് പറഞ്ഞു. പന്തിന്റെ തിളക്കം നഷ്ടമാകുന്ന കാര്യമുള്‍പ്പെടെ എല്ലാ കാര്യങ്ങളും അടിയന്തരമായി പരിശോധിക്കുമെന്നാണ് നിര്‍മാതക്കള്‍ ഉറപ്പു നല്‍കിയത്.
സാധാരണയായി ആതിഥേയ രാജ്യമാണ് പരമ്പരയില്‍ ഏത് തരം പന്താണ് ഉപയോഗിക്കേണ്ടെതെന്ന് തീരുമാനിക്കുന്നത്. ഇന്ത്യയില്‍ എസ് ജി പന്തുകളും ഓസ്‌ട്രേലിയയില്‍ കൂക്കബുറ പന്തുകളും ഉപയോഗിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ ഡ്യൂക്‌സ് പന്തുകളാണ് ഉപയോഗിക്കുന്നത്. ദീര്‍ഘനേരം പന്തിന്റെ തിളക്കവും മൂവ്‌മെന്റും നിലനില്‍ക്കുമെന്നതായിരുന്നു ഡ്യൂക്‌സ് പന്തുകളുടെ പ്രധാന പ്രത്യേകത. എന്നാല്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ ഉപയോഗിച്ച പന്തുകള്‍ പെട്ടെന്ന് തിളക്കം നഷ്ടമായി ബാറ്റര്‍മാര്‍ക്ക് അനുകൂലമാക്കുന്നത് ഇംഗ്ലണ്ട് ബാറ്റിംഗിനെ തുണക്കാനാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.