/kalakaumudi/media/media_files/2025/08/20/anju-2025-08-20-07-10-33.jpg)
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്ലേയിങ് ഇലവനില്‍ സഞ്ജുവിന്റെ സ്ഥാനം ഏറക്കുറെ ഉറപ്പാണെങ്കിലും ഓപ്പണിങ് കൂട്ടുകെട്ടിന്റെ കാര്യത്തില്‍ 'സസ്‌പെന്‍സ്' തുടര്‍ന്ന് ബിസിസിഐ. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ആരൊക്കെയെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും കളിക്കാത്തതുകൊണ്ടാണ് സഞ്ജു അഭിഷേക് ശര്‍മ സഖ്യത്തെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചതെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.
യുഎഇയിലേക്കു പോയി ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങിയതിനു ശേഷമായിരിക്കും ഓപ്പണര്‍മാരെ തീരുമാനിക്കുകയെന്നാണ് ബിസിസിഐയുടെ നിലപാട്. ട്വന്റി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മയെ ഓപ്പണിങ് പൊസിഷനില്‍നിന്നു മാറ്റാന്‍ സാധ്യതയില്ല. ഗില്ലിനെ ഓപ്പണറാക്കാന്‍ പരിശീലകന്‍ ഗംഭീര്‍ തീരുമാനിച്ചാല്‍ സഞ്ജു സ്വാഭാവികമായും താഴേക്ക് ഇറങ്ങേണ്ടിവരും.
''ഗില്ലും സഞ്ജുവും അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ് ഇറക്കാന്‍ പറ്റിയ താരങ്ങളാണ്. ഇന്ത്യന്‍ ടീം ദുബായിലെത്തിയ ശേഷം പരിശീലകനും ടീം ക്യാപ്റ്റനും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.'' അജിത് അഗാര്‍ക്കര്‍ പ്രതികരിച്ചു. ശുഭ്മന്‍ ഗില്ലിനെ ഇന്ത്യന്‍ ടീമിലേക്കു തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പറഞ്ഞു.
ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം നടന്ന പരമ്പരകളിലെല്ലാം അഭിഷേക് ശര്‍മയും സഞ്ജു സാംസണുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഒടുവില്‍ കളിച്ച പത്ത് മത്സരങ്ങളില്‍ മൂന്നു സെഞ്ചറികള്‍ സ്വന്തമാക്കിയ സഞ്ജു മികച്ച ഫോമിലാണ്. ഓപ്പണറുടെ സ്ഥാനം നഷ്ടമായാല്‍ വണ്‍ ഡൗണായിട്ടായിരിക്കും സഞ്ജു കളിക്കാനിറങ്ങുക. അല്ലെങ്കില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു ശേഷം അഞ്ചാമനായും കളിക്കാന്‍ സാധിക്കും.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, ഹര്‍ഷിത് റാണ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.